ചിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ചന്ദ്രന്റെ പ്രായം ഇതുവരെ കണക്കുകൂട്ടിയതിൽ കൂടുതലാണെന്നാണ് പുതിയ പഠനം. ചന്ദ്രനിൽ ജീവന്റെ കണികകൾ സാധ്യമാണോ എന്ന അന്വേഷണം പുരോഗമിക്കുമ്പോഴാണ് ചന്ദ്രന്റെ പ്രായം സംബന്ധിച്ച പുതിയ പഠനഫലം പുറത്തുവരുന്നത്.
4.46 ബില്യൺ വർഷമാണ് ചന്ദ്രന്റെ പ്രായമെന്നാണ് പുതിയ കണ്ടെത്തൽ. നേരത്തെ കണക്കാക്കിയിരുന്നത് 4.42 ബില്യൺ വർഷം എന്നായിരുന്നു. നിലവിൽ കരുതിയിരുന്നതിനേക്കാൾ നാലു കോടി വർഷം കൂടി പഴക്കം കൂടുതൽ. ചന്ദ്രന്റെയും ഭൂമിയുടെയും ചരിത്രവും പരിണാമവും നന്നായി മനസിലാക്കാൻ കൂടുതൽ കൃത്യമായ പ്രായം നമ്മെ സഹായിക്കുമെന്നു ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
1972ൽ അപ്പോളോ-17ലെ ബഹിരാകാശ യാത്രികർ ഭൂമിയിലേക്കു കൊണ്ടുവന്ന ചന്ദ്രശിലകൾ പഠിച്ച ശേഷമാണു പുതിയ നിഗമനത്തിലേക്കു ശാസ്ത്രലോകം എത്തുന്നത്. ചിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ചന്ദ്രന്റെ പ്രായം സംബന്ധിച്ച പഠനത്തിനു പിന്നിൽ. ജിയോകെമിക്കൽ പെർസ്പെക്റ്റീവ് ലെറ്റേഴ്സിൽ ശാസ്ത്രജ്ഞരുടെ ഗവേഷണഫലം അച്ചടിച്ചിട്ടുണ്ട്.
സൗരയൂഥം ഉണ്ടായി ഏകദേശം 60 ദശലക്ഷം വർഷത്തിനുശേഷമാണ് ചന്ദ്രൻ ഉണ്ടായതെന്നാണു പുതിയ നിഗമനം. സൗരയൂഥത്തിനുശേഷം ഏകദേശം 108 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. ജയന്റ് ഇംപാക്ട് ഹൈപ്പോതീസിസ് പ്രകാരം ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്ര നിഗമനം. ഈ കൂട്ടിയിടി എപ്പോൾ സംഭവിച്ചു, ചന്ദ്രൻ രൂപപ്പെടാൻ എത്ര സമയമെടുത്തു എന്നുള്ളത് ചോദ്യമായി അവശേഷിക്കുന്നു.