“കൃത്രിമ സൂര്യ’നെ സൃഷ്ടിക്കാനൊരുങ്ങി ചൈന. ഭൂമിക്കാവശ്യമായ ഊർജോത്പാദനം ലക്ഷ്യമിട്ടാണ് ഈ നീക്കം. പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് ചൈനയിലെ ഹെഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ സയൻസസിലെ ശാസ്ത്രജ്ഞർ ഭൗമാധിഷ്ഠിതമായ സൺ സിമുലേറ്റർ നിർമിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
അടിസ്ഥാപരമായി ഒരു ആറ്റോമിക് ഫ്യൂഷൻ റിയാക്ടറാണിത്. 10 കോടി ഡിഗ്രി സെൽഷ്യസ് താപം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ റിയാക്ടറിനുള്ളതെന്ന് ഗവേഷകർ പറയുന്നു. സൂര്യന്റെ കേന്ദ്രഭാഗത്തെ താപനില 1.5 കോടി ഡിഗ്രി സെൽഷ്യസ് ആയിരിക്കുന്നിടത്താണ് ഇത്രയേറെ ചൂട് ഉത്പാദിപ്പിക്കുന്ന റിയാക്ടർ ചൈന നിർമിക്കുന്നത്. ദൗത്യം യാഥാർഥ്യമായാൽ ഊർജോത്പാദനത്തിൽ പുതിയൊരു ചരിത്രമാകും.
ഫ്യൂഷൻ റിയാക്ടർ
സാധാരണ ആണവവൈദ്യുതിനിലയങ്ങളിൽ ആറ്റം ന്യൂക്ലിയസുകൾ വിഘടിക്കുന്പോൾ ധാരാളം ഊർജം പുറംതള്ളുന്നുണ്ട്. ഇത് ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയെ ന്യൂക്ലിയർ ഫിഷൻ എന്നു പറയും.
എന്നാൽ, രണ്ട് ആറ്റങ്ങൾ സംയോജിക്കുന്ന ഫ്യൂഷൻ പ്രക്രിയയിൽ ഫിഷനേക്കാൾ കൂടുതൽ ഊർജം പുറന്തള്ളുന്നുണ്ട്. അതേസമയം, അപകടകരമായ മാലിന്യങ്ങളുടെ പുറംതള്ളൽ താരതമ്യേന കുറവുമാണ്.
നേരത്തെ തെരുവുവിളക്കുകൾക്കു പകരം കൃത്രിമ ചന്ദ്രനെ നിർമിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. 2020 മുതൽ ഇതിന്റെ ദൗത്യം പ്രാബല്യത്തിലാക്കാനാണ് ശ്രമം.