ചന്ദ്രന്‍ സിംപിളൊക്കെയാണ്, പക്ഷേ സ്വഭാവം ഇടയ്ക്കിടെ മാറ്റുന്നു, പാറക്കഷണങ്ങള്‍ പതിക്കുന്നതാണ് കാരണമെന്ന് നാസ, ഇനിയും രൂപം മാറുമത്രേ!

moonബഹിരാകാശത്തുകൂടി സഞ്ചരിക്കുന്ന പാറക്കഷണങ്ങള്‍ നല്ലൊരു ശതമാനം ചന്ദ്രോപരിതലത്തില്‍ പതിക്കാറുണ്ട്. ഇത് ചന്ദ്രന്റെ രൂപത്തില്‍ മാറ്റം വരുത്തുന്നുണ്ടെന്നാണ് നാസയുടെ പുതിയ കണ്ടെത്തല്‍. 81,000 വര്‍ഷം കൂടുമ്പോള്‍ ചന്ദ്രന്റെ രൂപത്തില്‍ മാറ്റമുണ്ടാകും. ഓരോ വര്‍ഷവും 180 വലിയ ഗര്‍ത്തങ്ങളാണ് ചന്ദ്രോപരിതലത്തില്‍ രൂപപ്പെടുന്നത്. 10 മീറ്ററിനു മുകളില്‍ വ്യാസമുള്ള പാറക്കഷണങ്ങള്‍ മൂലം രൂപപ്പെടുന്നതാണിവ. കൂടാതെ ആയിരത്തിലധികം ചെറിയ ഗര്‍ത്തങ്ങളും ഒരു വര്‍ഷം ചന്ദ്രോപരിതലത്തില്‍ ഉണ്ടാവാറുണ്ട്.

ചന്ദ്രന്റെ ഒരു ഭാഗത്തെ വ്യത്യസ്ത കാലയളവിലുള്ള ചിത്രങ്ങള്‍ പരിശോധിച്ചു വിലയിരുത്തിയാണ് അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പുതിയ നിഗമനത്തിലെത്തിയത്. 222 പുതിയ കുഴികള്‍ ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ 33 ശതമാനവും പത്തു മീറ്ററിലധികം വ്യാസമുള്ള പാറക്കഷണങ്ങള്‍ പതിച്ചുണ്ടായവയാണ്.

ഉല്‍ക്കകളും ചിന്നഗ്രഹങ്ങളും ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതുപോലെതന്നെയാണ് ഇതും. എന്നാല്‍, വായുവുമായുള്ള സമ്പര്‍ക്കത്തില്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഉല്‍ക്കകള്‍ കത്തിത്തീരുന്നു. പക്ഷേ, ചന്ദ്രനില്‍ വായു തീരെ കുറവായതിനാല്‍ ഉല്‍ക്കകള്‍ ഉപരിതലത്തില്‍ പതിച്ച് ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയാണ്. ഘനസെന്റിമീറ്ററില്‍ 100 വാതകതന്മാത്രകളാണ് ചന്ദ്രനിലുള്ളത്. ഭൂമിയില്‍ ഘനസെന്റിമീറ്ററില്‍ 10,00,000 കോടി തന്മാത്രകളുണ്ട്.

Related posts