മൂന്നാര്‍: കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്നു പറയുന്നത് എത്ര ശരി. കയ്യേറ്റ മാഫിയയ്‌ക്കെതിരേ ശക്തമായ നിലകൊണ്ട ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് ഉന്നതരുടെ ഇടപെടല്‍ മൂലമായിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി ശ്രീറാമിനെ ഒതുക്കുകയും ചെയ്തു. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരെല്ലാം നേരിട്ടു തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു. അങ്ങനെയാണ് ശ്രീറാമിന് സ്ഥാനം നഷ്ടമായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് തുള്ളുമെന്ന വിലയിരുത്തലിലാണ് വി ആര്‍ പ്രേംകുമാറിനെ പുതിയ ദേവികുളം സബ്കളക്ടറായി നിയമിച്ചത്.
എന്നാല്‍ അങ്ങനെ വിചാരിച്ചവര്‍ക്ക് വന്‍പണിയാണ് കിട്ടിയിരിക്കുന്നത്. കയ്യേറ്റമൊഴിക്കാന്‍ കാണിച്ച ധൈര്യത്തില്‍ ശ്രീറാം മൂര്‍ഖന്‍ കുഞ്ഞായിരുന്നെങ്കില്‍ പ്രേംകുമാര്‍ രാജവെമ്പാലയാണ്.
വി.ശ്രീറാമിന്റെ മാറ്റത്തെ തുടര്‍ന്നു മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ റവന്യു വകുപ്പ് പുനരാരംഭിച്ചിരിക്കുകയാണ്. സിപിഎം പാര്‍ട്ടി ഗ്രാമമായ മൂന്നാര്‍ ഇക്കാനഗറിലെ കയ്യേറ്റമാണ് ഇന്നലെ റവന്യുവകുപ്പ് ഒഴിപ്പിച്ചത്. കയ്യേറ്റമൊഴിപ്പിക്കല്‍ പുരോഗമിക്കുന്നതിനിടെ തടയാന്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണു ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. അങ്ങനെ ശ്രീറാമിന്റെ നിശ്ചയദാര്‍ഡ്യം തനിക്കുമുണ്ടെന്ന് പ്രേംകുമാര്‍ തെളിയിച്ചു.
ഗൂഡാര്‍വിള നെറ്റിക്കുടി സ്വദേശിനി ഐയമ്മ, മകള്‍ ജയ എന്നിവരാണു ഭൂമി കയ്യേറിയതെന്നു റവന്യു വകുപ്പ് പറഞ്ഞു. ഇവിടെ നിര്‍മ്മിച്ചു കൊണ്ടിരുന്ന കെട്ടിടവും റവന്യൂ സംഘം പൊളിച്ചു മാറ്റി. മുന്‍പ് മൂന്നു തവണ കയ്യേറ്റം ഒഴിപ്പിച്ചെടുത്ത ഭൂമിയാണിത്. സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെ നിര്‍ദ്ദേശപ്രകാരം സ്പെഷല്‍ തഹസില്‍ദാര്‍ പി.ജെ.ജോസഫ്, ഭൂസംരക്ഷണ സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍. വരും ദിവസങ്ങളിലും ഒഴിപ്പിക്കല്‍ തുടങ്ങും.
മാനന്തവാടി സബ് കളക്ടറായിരുന്നു പ്രേംകുമാര്‍. തമിഴ്നാട് സ്വദേശിയാണ്. ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ ഇടുക്കിയിലെ ഒരു സിപിഎം എംഎല്‍എയുടെ നോമിനിയാണ് പ്രേംകുമാറെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ശരിയല്ലെന്നാണ് മികച്ച തുടക്കത്തിലൂടെ പ്രേമംകുമാര്‍ തെളിയിക്കുന്നത്. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ കാലത്ത് വിവിധ റവന്യൂ ഓഫീസുകളില്‍ നിന്ന് ആര്‍ഡി ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ദേവികുളം സബ്കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് മടങ്ങിപ്പോകാന്‍ ഉദ്യോഗസ്ഥര്‍ താല്പര്യം പ്രകടിപ്പിച്ചത്.
മടങ്ങേണ്ടവര്‍ക്ക് മടങ്ങാമെന്നും പകരം ഉദ്യോഗസ്ഥരെ കാട്ടിത്തരണമെന്നും സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശിച്ചു. രാജാക്കാട് എല്‍.ആര്‍ ഓഫീസില്‍ ജോലി നോക്കിയിരുന്ന സോമന്‍, നെടുങ്കണ്ടം സര്‍വ്വേ ഓഫീസില്‍ ജോലി നോക്കിയിരുന്ന ഷിജു, ബാലചന്ദ്രന്‍, സിജു എന്നീ ഉദ്യോഗസ്ഥരായിരുന്നു ആര്‍.ഡി ഓഫീസില്‍ കൈയേറ്റങ്ങള്‍ക്കെതിരെ സബ് കളക്ടര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നത്. ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയപ്പോള്‍ ഈ ഉദ്യോഗസ്ഥരെയും മാറ്റിയിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. മൂന്നാര്‍, ദേവികുളം പ്രദേശങ്ങളില്‍ കൈയേറ്റങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് വിവരം. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് സബ് കളക്ടറുടെ ഇടപെടല്‍.
ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലം മാറിപ്പോയതോടെ മൂന്നാറില്‍ വീണ്ടും കൈയേറ്റക്കാര്‍ തലപൊക്കിയിരുന്നു. രണ്ടാംമൈല്‍ ആനച്ചാല്‍ റോഡിന്റെ പുറമ്പോക്ക് ഭൂമി കൈയേറി ഷെഡ് നിര്‍മ്മിച്ചതാണ് പുതിയ കൈയേറ്റം. ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി വിസ്റ്റ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള വളവിലാണ് തകരഷീറ്റ് ഉപയോഗിച്ച് റിസോര്‍ട്ട് മാഫിയ ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്. കൈയേറ്റഭൂമിയില്‍ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം ഷെഡുകള്‍ കാലക്രമേണ കൂറ്റന്‍ റിസോര്‍ട്ടുകളായി മാറുകയാണ് പതിവ്. മൂന്നാര്‍ പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്ത് മൂന്നാറിന്റെ സമീപ പ്രദേശങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏതാനും ഷെഡുകള്‍ റവന്യൂസംഘം പൊളിച്ചുമാറ്റിയിരുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഒഴിപ്പിക്കലുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് പ്രേംകുമാറിന്റെ തീരുമാനം.