കോഴിക്കോട്: സ്വകാര്യ വിദ്യാലയങ്ങളിലേക്ക് ഒഴുകുന്ന കുട്ടികളെ പിടിച്ചു നിര്‍ത്താനാണ് പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു സ്‌ക്ൂള്‍ കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് വിദ്യാര്‍ത്ഥികളും ഒരു ടീച്ചറും ഒരു പാചകക്കാരിയും മാത്രമുള്ളൊരു എയ്ഡഡ് സ്‌കൂള്‍.
ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ആകെയുള്ളത് അഞ്ച് വിദ്യാര്‍ത്ഥികള്‍. അവരാകട്ടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരും നാളുകളില്‍ മെച്ചപ്പെടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ചേര്‍ന്നവര്‍. ഒന്നിലും രണ്ടിലും മാത്രമേ ഇവിടെ വിദ്യാര്‍ത്ഥികളുള്ളൂ. മൂന്നിലും നാലിലും ആരുമില്ല. മൂരാട് പാലത്തിന് സമീപത്തുള്ള ബി ഇ എം എല്‍ പി സ്‌കൂളിന്റെ കഥയാണിത്.
ആകെയുള്ള അധ്യാപികയ്ക്ക് പ്രധാന അധ്യാപികയുടെ ചുമതലയുള്ളതിനാല്‍ എഇഒ ഓഫീസടക്കമുള്ളിടങ്ങളില്‍ അവര്‍ പോകുമ്പോള്‍ കുട്ടികള്‍ തനിച്ചാവും. പൊതുവിദ്യാലയങ്ങള്‍ ആഗോള നിലവാരത്തിലേക്കുയര്‍ത്തുമെന്ന സര്‍ക്കാറിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് അടച്ചുപൂട്ടിപ്പോകുമായിരുന്ന ഒരു എയ്ഡഡ് എല്‍ പി സ്‌കൂളിന് പ്രതീക്ഷകള്‍ നല്‍കിയാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അഞ്ച് അഡ്മിഷനുകള്‍ നടന്നത്. അതിന്റെ മുന്‍ വര്‍ഷങ്ങളിലൊന്നും ഇവിടെ ആരും ചേര്‍ന്നിരുന്നില്ല.
ലാഭകരമല്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടുമെന്ന അവസ്ഥ വന്നപ്പോഴാണ് പൊതവിദ്യാലയങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ക്യാമ്പയിനുമായി രംഗത്തിറങ്ങിയത്. ഇതോടെയാണ് അഞ്ച് രക്ഷിതാക്കള്‍ മക്കളെ ഇവിടെ ചേര്‍ത്തത്. എന്നാല്‍ തങ്ങള്‍ക്കു പിന്നാലെ മറ്റുള്ളവരും മക്കളെ ഇവിടെ ചേര്‍ക്കുമെന്നു കരുതിയവര്‍ക്കു തെറ്റി. ഇന്ന് ഇവിടെ വിദ്യാര്‍ഥികളായുള്ളവര്‍ ഈ അഞ്ചു പേര്‍ മാത്രം.
നാല് ക്ലാസ് മുറികളുള്ള ഈ വിദ്യാലയത്തില്‍ ഇന്ന് ആകെ ആവശ്യമായുള്ളത് ഒരു ക്ലാസ് മുറിയാണ്. ബാക്കിയുള്ളവയെല്ലാം പൂട്ടിക്കിടക്കുന്നു. കെയുള്ള അഞ്ച് വിദ്യാര്‍ത്ഥികളെ എല്ലാവരെയും കൂടി ഒരു ക്ലാസ് റൂമില്‍ ഒരേ ബെഞ്ചിലിരുത്തിയാണ് ക്ലാസ് നടക്കുന്നത്. ഒന്നാം ക്ലാസും രണ്ടാം ക്ലാസുമൊക്കെ അത് തന്നെ.
കൃത്യമായി ഉച്ചഭക്ഷണം ലഭിക്കുന്നുണ്ടെന്നതാണ് കുട്ടികള്‍ക്ക് ലഭിക്കുന്ന ഏക നേട്ടം. ഈ അഞ്ച് വിദ്യാര്‍ത്ഥികളെ കൂടാതെ ഇവിടെ കൃത്യമായെത്തുന്ന ഏക ആളും ഉച്ചഭക്ഷണം പാകം ചെയ്യുന്ന ആയയാണ്. അവരെല്ലാ ദിവസവും വന്ന് കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നു. ഇനിയിതില്‍ നിന്ന് വലിയ ലാഭമൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് മനസ്സിലായ മാനേജ്‌മെന്റും ഇപ്പോള്‍ ഇങ്ങോട്ട് ശ്രദ്ധിക്കാറില്ല.
മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങവീണു എന്ന അവസ്ഥയിലാണ് ഇന്ന് ഈ സകൂളില്‍ അവസ്ഥ. മൂരാട് പാലത്തിന് സമീപം ദേശീയ പാതയില്‍ പുതിയ പാലം വരുമ്പോള്‍ ഈ സ്‌കൂള്‍ ഏറെക്കുറെ പൊളിച്ച് മാറ്റേണ്ടി വരുമെന്ന അവസ്ഥയിലാണിപ്പോള്‍.
ഇത്തരത്തില്‍ ഈ സകൂള്‍ നടത്തിക്കൊണ്ട് പോകുന്നതിനും നല്ലത് കിട്ടുന്ന നഷ്ടപരിഹാരം വാങ്ങി ഈ സകൂള്‍ ദേശീയ പാതക്ക് വിട്ടുകൊടുക്കലാണെന്നതിനാല്‍ മാനേജ്‌മെന്റിനും അതാണ് താത്പര്യം. സ്‌കൂളില്ലാതായാല്‍ ടീച്ചര്‍ക്ക് സംരക്ഷിത അദ്ധ്യപകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി മറ്റേതെങ്കിലും സര്‍ക്കാര്‍ സ്‌കൂളില്‍ ജോലികിട്ടും. കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ അവതാളത്തിലാകുന്നത് വിദ്യാര്‍ഥികളുടെ ഭാവിയാണ്.