വടക്കാഞ്ചേരി: മജിസ്ട്രേട്ട് കോടതിയിൽ രണ്ടു മാസത്തിനിടെ കണ്ടെത്തിയത് 12 മൂർഖൻ പാന്പുകളെ. നിരന്തരമായി വിഷപാന്പുകളെ കണ്ടെത്തിയതിനെ തുടർന്ന് മുൻസിഫും, മജിസ്ട്രേട്ടും താമസം മാറ്റുകയും കോടതിക്ക് അവധി വരെ നൽകിയ സംഭവം ഉണ്ടായിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്ന വനിതാ മജിസ്ട്രേട്ട് ക്വാർട്ടേഴ്സിൽ നിന്നും രാവിലെ കോടതിയിലേക്ക് വരുന്പോൾ കാലിൽ പാന്പ് ചുറ്റിയ സംഭവം ഏറെ വിവാദമായിരുന്നു. പാന്പ് ഭീതിയിൽ നിന്നും കോടതികെട്ടിടത്തിന് ഇനിയും മോചനമായില്ല.
കോടതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസ് മുറിയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തിയത്. കണ്ടെത്തിയ പാന്പുകളേറെയും വനപാലകരെത്തി കൊണ്ടുപോയി വനത്തിൽവിട്ടെങ്കിലും പ്രദേശത്ത് പാന്പിന്റെ സാന്നിധ്യം കുറവായിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്നലെയും കോടതി കെട്ടിടത്തിൽ പാന്പിനെ കണ്ടത്. അതു കൊണ്ടുതന്നെ കോടതിയിലെ ജീവനക്കാർ പരിഭ്രാന്തിയിലാണ്.
കഴിഞ്ഞ ദിവസം കണ്ട പാന്പിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും അത് ഫയലുകൾക്കിടയിൽ ഒളിച്ചിരിക്കുകയാണെന്നാണ് പറയുന്നത്.