വോൾഗോഗ്രാഡ്: നൈജീരിയയുടെ അടുത്ത് ഐസ്ലൻഡിന്റെ കടുത്ത പ്രതിരോധമെന്ന തന്ത്രം പാളി. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ നൈജീരിയ എതിരില്ലാത്ത രണ്ടു ഗോളിന് ഐസ്ലൻഡിനെ അലിയിച്ചു കളഞ്ഞു.
മരണ ഗ്രൂപ്പ് എന്നു പേരുള്ള ഗ്രൂപ്പ് ഡിയിൽ ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. നൈജീരിയയുടെ ജയം അർജന്റീനയ്ക്ക് ജീവശ്വാസമേകിയപ്പോൾ ഗ്രൂപ്പിൽനിന്ന് നോക്കൗട്ട് ടിക്കറ്റിനായുള്ള പോരാട്ടം മുറുകി. ക്രൊയേഷ്യ ഇതിനോടകം പ്രീക്വാർട്ടർ ഉറപ്പിച്ച ഗ്രൂപ്പിൽ അർജന്റീന, നൈജീരിയ, ഐസ്ലൻഡ് എന്നിവയ്ക്ക് ഇനിയും സാധ്യതയുണ്ട്.
അഹമ്മദ് മൂസയുടെ വകയായിരുന്നു നൈജീരിയയുടെ രണ്ടു ഗോളും. 80-ാം മിനിറ്റിൽ വിഎആറിലൂടെ ഐസ്ലൻഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സിഗാർഡ്സൺ എടുത്ത കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
ഗോൾ വഴി
ഗോൾ 1: അഹമ്മദ് മൂസ (നൈജീരിയ),
49-ാം മിനിറ്റ്. വിക്ടർ മോസസിന്റെ വേഗത്തിലുള്ള മുന്നേറ്റം. ബോക്സിലേക്ക് ഓടിയെത്തിയ മൂസയെ ലക്ഷ്യമാക്കി മോസസിന്റെ ക്രോസ്. കാലിൽ സ്വീകരിച്ച പന്ത് ഒരു തവണ ഗ്രൗണ്ടിൽ ബൗണ്‍സ് ചെയ്തശേഷം മൂസ നടത്തിയ കിക്ക് വലയുടെ വലതു മേൽത്തട്ടിൽ.
ഗോൾ 2: അഹമ്മദ് മൂസ 75-ാം മിനിറ്റ്. കെനീത് ഒമേരോയുടെ പാസ് സ്വീകരിച്ച മൂസ രണ്ടു പ്രതിരോധക്കാരെയും ഗോൾകീപ്പർ ഹാനെസ് ഹാൾഡോർസണെയും വെട്ടിച്ച് പന്ത് മനോഹരമായി വലയിൽ നിക്ഷേപിച്ചു.