എടപ്പാള്‍: അകക്കണ്ണിന്റെ പ്രകാശത്തില്‍ അറിവു നേടുകയും പതിറ്റാണ്ടുകളായി അറിവു പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പി.കെ മൂസ മാസ്റ്റര്‍ ഇനി പ്രധാനാധ്യാപകന്.
മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തു വട്ടംകുളം നെല്ലിശേരി സ്വദേശിയായ പി.കെ മൂസ മാസ്റ്റര്‍ കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഗവണ്മെന്റ് ദേവി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം പ്രധാനാധ്യാപകനായി ചുമതലയേറ്റിരിക്കുകയാണ്.
1992 സെപ്തംബര്‍ മുതല്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍, പാലപ്പെട്ടി, മൂക്കുതല, കാടഞ്ചേരി ഗവണ്മെന്റ്ഹയര് സെക്കന്‍ഡറി സ്കൂളുകളില്‍ ഹൈസ്കൂള്‍ വിഭാഗം സോഷ്യല്‍ സ്റ്റഡീസ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു മൂസ മാസ്റ്റര്‍.
2021 ജൂലൈ 15ന് പുറത്തിറങ്ങിയ സ്ഥാനക്കയറ്റ ഉത്തരവില്‍ മൂസ മാസ്റ്ററെ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം നല്‍കിയെങ്കിലും ഒരേ സ്കൂളിലേക്കു തന്നെ മൂസ മാസ്റ്ററെ കൂടാതെ മറ്റൊരാള്‍ക്കു കൂടി നിയമനം നല്‍കുകയും രണ്ടാമത്തെ ആള് നേരത്തെ വന്നു ചുമതലയേല്‍ക്കുകയും ചെയ്തതിനാല്‍ മൂസ മാസ്റ്റര്‍ക്ക് പ്രധാനാധ്യാപകനായി ചുമതലയേല്‍ക്കാന്‍ സാധിച്ചിരുന്നില്ല.
ഇതിനെത്തുടര്‍ന്ന് സുഹൃത്ത് അഹമ്മദുണ്ണിയോടൊപ്പം ജൂലൈ 19 ന് തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെത്തി ഉത്തരവ് തിരുത്തി അതേ സ്കൂളിലേക്കോ സൗകര്യപ്രദമായ മറ്റൊരു സ്കൂളിലേക്കോ സ്ഥാനക്കയറ്റം നല്‍കണമെന്നാവശ്യപ്പെട്ട് മൂസമാസ്റ്റര് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ചുമതലയേറ്റ ആളെ മാറ്റാന്‍ കാലതാമസമെടുക്കമെന്നതിനാലും നിലവില്‍ പരിസര പ്രദേശത്തെ സ്കൂളുകളില്‍ പ്രധാനാധ്യാപകരുടെ ഒഴിവുകള്‍ ഇല്ലാത്തതിനാലും കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ചുമതലയേല്‍ക്കാന്‍ ആവശ്യപ്പെട്ട് പഴയ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് കൈമാറുകയായിരുന്നു.
ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ പ്രധാനാധ്യാപകനായി മൂസ മാസ്റ്റര്‍ ചുമതല ഏറ്റെടുത്തു.നിലവില്‍ സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും ഒരു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും മൂന്നു ഹൈസ്കൂള്‍ പ്രധാനാധ്യാപകരുമാണ് കാഴ്ച പരിമിതിയുള്ളവര്‍.
പുതിയ സ്ഥാനക്കയറ്റത്തോടെ കാഴ്ച പരിമിതിയുള്ള നാലാമത്തെ പ്രധാനാധ്യാപകന് ആയിരിക്കുകയാണ് മൂസ മാസ്റ്റര്‍.
കാഴ്ചയില്ലാത്തവരുടെ കൂട്ടത്തില്‍ നിന്നു സാധാരണ സ്കൂളുകളില്‍ അധ്യാപകനായി നിയമിതനാകുന്ന കേരളത്തിലെ രണ്ടാമത്തേയും മലപ്പുറം ജില്ലയിലെ ആദ്യത്തെയും അധ്യാപകനാണ് മൂസ മാസ്റ്റര്‍.
1996 മുതല്‍ 1999 വരെ കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് മലപ്പുറം ജില്ലാ പ്രസിഡന്റായും 2005 മുതല്‍ 2008 വരെ കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് ടീച്ചേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ച മൂസ മാസ്റ്റര്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനും മോട്ടിവേറ്ററുമാണ്.
സ്കൂളിലെ സഹപ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനായ മൂസ മാസ്റ്റര്‍ നാല് വര്‍ഷമായി എടപ്പാള്‍ സ്കൂളില്‍ സ്റ്റാഫ് സെക്രട്ടറിയായിരുന്നു. നല്ലൊരു സംഘാടകനും വാഗ്മിയും ചിന്തകനുമാണ് ഇദ്ദേഹം.കുന്നംകുളം ഗവണ്മെന്റ് അന്ധ വിദ്യാലയം, കോഴിക്കോട് റഹ്മാനിയ, മങ്കട-പള്ളിപ്പുറം അന്ധ വിദ്യാലയം എന്നിവിടങ്ങളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മൂസ മാസ്റ്റര്‍ മങ്കട ഗവണ്മെന്റ് ഹൈസ്കൂളില്‍ നിന്ന് പത്താം തരം പാസായി.
1990ല്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം പൊന്നാനി എംഇഎസ് കോളജില്‍ എംഎയ്ക്ക് ചേര്‍ന്നെങ്കിലും പിന്നീട് ഒരു വര്‍ഷത്തിന് ശേഷം കണ്ണൂരില്‍ സെഷണല് ബിഎഡിനു ചേര്‍ന്നു. 1992ല്‍ ബിഎഡ് പാസായി.
അതേ വര്‍ഷം തന്നെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി എടപ്പാള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകനായി നിയമനവും ലഭിച്ചു. 1993 ല്‍ സാര്‍ക്ക് രാജ്യങ്ങള്‍ വികലാംഗ വര്‍ഷമായി ആചരിച്ചപ്പോള്‍ അന്നു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന വികലാംഗരായ താല്‍ക്കാലിക ജീവനക്കാരെ ചില ഉപാധികള്‍ക്ക് വിധേയമായി സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് 1995ല്‍ കാടഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളില്‍ മൂസ മാസ്റ്റര്‍ക്ക് സ്ഥിര നിയമനം ലഭിച്ചത്. പരേതനായ നെല്ലിശേരി പടുത്തുകുളങ്ങര മമ്മിക്കുട്ടിയാണ് മൂസ മാസ്റ്ററുടെ പിതാവ്. ബീവാത്തുവാണ് മാതാവ്.