കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന പേരാമ്പ്രക്കടുത്ത ചങ്ങരോത്ത് സുപ്പീക്കടയിലെ മൂസയും മരണത്തിനുകീഴടങ്ങി. നാലുദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ നിപ്പാ വൈറസ് ബാധിച്ച മരിച്ചവരുടെ എണ്ണം 12 ആയി.
ആദ്യമായി വൈറസ് പിടിപ്പെട്ടുവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച സാലിഹിന്റെയും മുഹമ്മദ് സാബിത്തിന്റെയും പിതാവാണ് ഇന്ന് മരിച്ച മൂസ. ഇവരുടെ മൂന്നാമത്തെ മകനായ മൂഹമ്മദ് സാലിം 2013-ല്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ഇനി ഈ വീട്ടില്‍ എറ്റവും ഇളയകുട്ടി മുത്തലീബും അമ്മ മറിയവും മാത്രമേയുള്ളൂ. സാലിഹ് മരിച്ചത് നിപ്പാ വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിച്ചിരുന്നു. സാബിത്തിന്റെ മൃതദേഹം നേരത്തെ സംസ്കരിച്ചതിനാല്‍ നിപ്പ സ്ഥിരീകരിച്ചിരുന്നില്ല.
നിപ്പ സ്ഥിരീകരിച്ച രണ്ടുപേരില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളുടെ നിലയില്‍ നേരിയ പുരോഗതിയുണ്ട്. നിപ്പവൈറസ് ബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 18 പേരാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
ഇതില്‍ ഒരാളാണ് ഇന്ന് മരിച്ചത്. മറ്റു രണ്ടുപേര്‍ക്ക് നിപ്പാ വൈറസ്ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആറുപേര്‍ ഒബ്സര്‍വേഷനിലും അഞ്ചുപേര്‍ പ്രത്യേകവാര്ഡിലുമാണുള്ളത്.
ഇതുകൂടാതെ രണ്ടു സ്വകാര്യ ആശുപത്രികളിലായി രണ്ടുപേരും തീവ്രപരിചരണ വിഭാഗത്തില്ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.