മൂവാറ്റുപുഴ : നഗരത്തിലെ തെരുവു വിളക്കുകൾ പ്രകാശിച്ചിട്ട് നാളുകളേറെയായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തിലെ നെഹ്റു പാർക്ക്, കച്ചേരിത്താഴം, അരമന ജംഗ്ഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ് ജംഗ്ഷൻ, 130 ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിലെല്ലാം വഴി വിളക്കുകൾ പ്രകാശിച്ചിട്ട് മാസങ്ങളായി.
സന്ധ്യ മയങ്ങിയാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് കാൽനടയാത്രക്കാർക്കുള്ള ഏക ആശ്രയം. രാത്രി ഒന്പത് കഴിഞ്ഞാൽ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടയ്ക്കുന്നതോടെ നഗരം കൂരിരുട്ടിലാകും. ഇതോടെ വൃദ്ധരും സ്ത്രീകളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഏറെ ദുരിതത്തിലാകും. റോഡ് കുറുകെ കടക്കുന്നതാണ് വലിയ വെല്ലുവിളി. കച്ചേരിത്താഴത്തെ പാലത്തിലൂടെയുള്ള കാൽനടയും ദുഷ്കരമാണ്.
പാലത്തിന്റെ നടപ്പാതകളിൽ മിക്കയിടങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇരുട്ടായതിനാൽ ഇതു കാണാനാവാതെ കാൽതട്ടി വീഴുന്നതും പതിവു സംഭവമാണ്. ലക്ഷങ്ങൾ മുടക്കി ഹൈ മാസ്റ്റ് ലൈറ്റുകളടക്കം നഗരത്തിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. ഇരുട്ടിന്റെ മറവിൽ മദ്യപാനികളുടെ ശല്യവും രൂക്ഷമാണ്.
ബസ് സ്റ്റോപ്പുകളിലും മറ്റും കാത്തു നിൽക്കുന്ന യാത്രക്കാരും മദ്യപാനികളുടെ ശല്യംമൂലം പൊറുതിമുട്ടിയിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട് റോഡരികിൽ കിടക്കുന്ന കാഴ്ചയും പതിവാണ്. ലക്ഷങ്ങൾ ചെലവഴിച്ച് പണികഴിപ്പിച്ച പുഴയോര നടപ്പാതയിലും വിളക്കുകൾ പ്രകാശിച്ചിട്ട് മാസങ്ങളോളമായി.
ഇതേ തുടർന്ന് പ്രഭാത സായാഹ്ന സവാരിക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. നടപ്പാതയിൽ ഇഴജന്തുക്കൾ കിടന്നാൽ പോലും അറിയാൻ പറ്റാത്ത അവസ്ഥയാണ്. സന്ധ്യയാകുന്നതോടെ നടപ്പാത സാമൂഹ്യവിരുദ്ധർ കൈയടക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇരുട്ടിന്റെ മറവിൽ മദ്യം – മയക്കുമരുന്നിന്റെ ഉപയോഗവും വർധിച്ചുവരുകയാണ്.
ഇതിനു പുറമെ കഞ്ചാവ് വിൽപ്പനക്കാരുടെയും വിഹാര കേന്ദ്രമായി നടപ്പാത മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച അർധരാത്രിയിൽ നടപ്പാതയിൽ യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തവരെ വീട്ടിൽകയറി ആക്രമിച്ചിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. നഗരത്തിലും പുഴയോര നടപ്പാതയിലും വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.