മൂവാറ്റുപുഴ: തടിമില്‍ ജീവനക്കാരായ അതിഥിത്തൊഴിലാളികളെ താമസ സ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അഞ്ചംഗ അന്വേഷണ സംഘം ഒഡീഷയിലേക്കു പുറപ്പെട്ടു.
ഇന്നു രാവിലെ വിമാന മാർഗമാണ് സംഘം യാത്ര തിരിച്ചത്. ആനിക്കാട് കമ്പനിപടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്തോ (40), ദീപങ്കര്‍ ബസുമ്മ (37) എന്നീ അസം സ്വദേശികളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മില്ലിന് സമീപം അടൂപറമ്പ് കമ്പനിപ്പടിയില്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
നിലത്ത് ഒരാള്‍ ചെരിഞ്ഞും മറ്റൊരാള്‍ കമഴ്ന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ (22) കാണ്മാനില്ല. ഇയാളെ അന്വേഷിച്ചാണ് പോലീസ് സംഘം ഒറീസയിലേക്കു തിരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന സമീപത്ത് താമസിക്കുന്ന അസം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല പാതകമെന്നാണ് പോലീസി ന്റെ നിഗമനം.മോഹന്തോ, ദീപങ്കര്‍ ബസുമ്മ, ഗോപാല്‍ മാലിക്ക് എന്നിവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്.
സമീപത്ത് താമസിക്കുന്ന സന്തോഷ് ഉള്‍പ്പെടെ നാലുപേരും ശനിയാഴ്ച താമസ സ്ഥലത്ത് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. രാത്രി പത്തോടെ ഉറങ്ങാനായി സമീപത്തെ മുറിയിലേക്ക് പോയിരുന്നുവെന്നാണ് സന്തോഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചുവെന്നറിയില്ലെന്നാണ് ഇയാൾ പറയുന്നത്. കസ്റ്റഡിയിലെടുത്തിരിക്കുന്ന സന്തോഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഗോപാല്‍ മാലിക്കിനെ കണ്ടെത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് ഡിവൈഎസ്പി മുഹമ്മദ് റിയാസ് പറഞ്ഞു. ഗോപാല്‍ മാലിക്ക് ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു പോകുമെന്നു നേരത്തെ അറിയിച്ചിരുന്നതായി മില്ല് നടത്തിപ്പുകാരന് പോലീസിനോട് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം മുഴുവന്‍ ജീവനക്കാരുടെ ശമ്പളം ഗോപാല്‍ മാലിക്കിന്റെ അക്കൗണ്ടിലേയ്ക്കാണ് നല്‍കിയിരുന്നതെന്നും തടിമില്ല് നടത്തിപ്പുകാരന് പറഞ്ഞതായി പോലീസ് പറഞ്ഞു. മാറാടി സ്വദേശി ഷാഹുല്‍ ഹമീദ് നടത്തുന്ന തടിമില്ലില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ് മരിച്ച ഇരുവരും.
മരിച്ചനിലയില്‍ കണ്ടെത്തിയ തൊഴിലാളിയുടെ ഭാര്യ ഇന്നലെ രാവിലെ മുതല്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ മില്ലുടമയുമായി ബന്ധപ്പെടുകയായിരുന്നു.
മില്ലുടമയുടെ നിര്‍ദേശപ്രകാരം സ്ഥാപനത്തിന്റെ മാനേജര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരും കഴുത്തില്‍ വെട്ടേറ്റ് മരിച്ചുകിടക്കുന്നത് കണ്ടത്. ജില്ല പോലീസ് മേധാവി വിവേക് കുമാറും സ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധരടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.