മൂവാറ്റുപുഴ: ബൈപാസ് നിർമാണം വേഗത്തിലാക്കാൻ ജില്ലാ കളക്ടർ 14ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. രാവിലെ 11ന് കളക്ടറേറ്റിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. എൽദോ ഏബ്രഹാം എംഎൽഎയുടെ നിർദേശത്തേത്തുടർന്നാണ് കളക്ടർ മുഹമ്മദ് സഫീറുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്.
ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലിൽ പാലത്തിന്റെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതിനായി 50 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്.
പാലത്തിന്റെ ഒരു വശത്ത് വെള്ളൂർകുന്നം വില്ലേജിന്റെ പരിധിയിൽ വരുന്ന 400 മീറ്റർ സ്ഥലമെടുപ്പ് പൂർത്തിയായി. വെള്ളൂർകുന്നം വില്ലേജിന് കീഴിൽ ഒരാളുടെ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതൽ പാലം വരെയുള്ള പ്രദേശത്തെ 1.6 കിലോമീറ്റർ ദൂരമാണുള്ളത്. ഇവിടെ 1.26 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനായി ഭൂമി പരിവർത്തനം ചെയ്യുന്നതിന് പ്രാദേശിക ഭൂമി പരിവർത്തന കമ്മിറ്റി തയാറാക്കി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന പരിവർത്തന കമ്മിറ്റി നേരത്തേ തള്ളിയിരുന്നു. സംസ്ഥാനത്തെ പ്രധാന പ്രോജക്ടുകൾക്ക് ഭൂമി പരിവർത്തനം ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകുന്നതിന് പുതിയ തണ്ണീർത്തട നിയമത്തിൽ അനുശാസിക്കുന്നുണ്ട്. ഇതും ബൈപാസ് നിർമാണം വൈകുന്നതിനിടയാക്കിയിരിക്കുകയാണ്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കടാതിയിൽനിന്ന് ആരംഭിച്ച് എംസി റോഡിൽ 130 ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട പദ്ധതി. മൂവാറ്റുപുഴ ബൈപാസ് പൂർത്തിയാകുന്നതോടെ കോട്ടയം, തൊടുപുഴ, ഭാഗങ്ങളിൽനിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ ഇതുവഴി പോകാനാകും.
ബൈപാസ് റോഡുകളുടെ അഭാവംമൂലം മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് അനുദിനം വർധിച്ചുവരികയാണ്. പുതുതായി ബൈപാസുകൾ നിർമിക്കുന്നതിന് തുക ലഭ്യമാണെങ്കിലും സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനുള്ള കാലതാമസംമൂലം നിർമാണം അനിശ്ചിതമായി നീളുകയായിരുന്നു.
മൂവാറ്റുപുഴ ബൈപാസ് പൂർത്തിയായാൽ മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയും. മൂവാറ്റുപുഴ നഗരത്തിനൊരു റിംഗ് റോഡ് എന്ന ആവശ്യത്തിന്റെ പദ്ധതി പൂർത്തീകരണവുമാകും. നഗരത്തിലുണ്ടാകുന്ന ഗതാഗത ക്കുരുക്ക് എൻഎച്ച് 49, എംസി റോഡ് യാത്രക്കാരെ ബാധിക്കാത്ത വിധം ഗതാഗതം പരിഷ്കരിക്കാനും പുതിയ റോഡ് ഉപകരിക്കുമെന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമായിരിക്കും.