മൂവാറ്റുപുഴ: ബൈപ്പാസ് നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനായി നിർമാണച്ചുമതല റോഡ് ഫണ്ട് ബോർഡിന് നൽകി സർക്കാർ ഉത്തരവ് ഇറക്കിയതായി എൽദോ ഏബ്രഹാം എംഎൽഎ. മൂവാറ്റുപുഴ ബൈപ്പാസ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 35 കോടിയും നിർമാണപ്രവൃത്തികൾക്ക് 15 കോടിയുമടക്കം 50 കോടിക്ക് സർക്കാർ പ്രത്യേക ഭരണാനുമതി നൽകുകയും പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ നേരത്തെ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.
ബൈപ്പാസിന്റെ നിർമാണ പ്രവൃത്തികൾ കേരള റോഡ് ഫണ്ട് ബോർഡ് മുഖേന നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൽദോ ഏബ്രഹാം എംഎൽഎയും നിരത്ത് വിഭാഗം ചീഫ് എൻജിനീയറും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ബൈപ്പാസ് നിർമാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിനെ ഏൽപ്പിച്ച് ഉത്തരവ് ഇറക്കിയത്. അടുത്ത കിഫ്ബി ബോർഡും കിഫ്ബി എക്സിക്യുട്ടീവ് യോഗവും അംഗീകാരം നൽകുന്നതോടെ മൂവാറ്റുപുഴ ബൈപ്പാസ് നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലിൽ പാലത്തിന്റെ നിർമാണം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിർമാണ പ്രവൃത്തികൾക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് വെള്ളൂർകുന്നം വില്ലേജിന്റെ പരിധിയിൽ വരുന്ന 400 മീറ്റർ സ്ഥലമെടുപ്പ് പൂർത്തിയായി.
വെള്ളൂർകുന്നം വില്ലേജിന് കീഴിൽ ഒരാളുടെ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതൽ പാലം വരെയുള്ള പ്രദേശത്തെ 1.6 കിലോമീറ്റർ ദൂരമാണുള്ളത്. 1.26 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. മൂവാറ്റുപുഴ ബൈപ്പാസ് നിർമാണത്തിനായി ഭൂമി പരിവർത്തനം ചെയ്യുന്നതിന് പ്രാദേശിക ഭൂമി പരിവർത്തന കമ്മിറ്റി തയാറാക്കി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന പരിവർത്തന കമ്മിറ്റിയുടെ പരിഗണനയിലാണ്.
സംസ്ഥാനത്തെ പ്രധാന പ്രോജക്ടുകൾക്ക് ഭൂമി പരിവർത്തനം ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകുന്നതിന് പുതിയ തണ്ണീർത്തട നിയമത്തിൽ അനുശാസിക്കുന്നുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കടാതിയിൽ നിന്നാരംഭിച്ച് എംസി റോഡിൽ 130 ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് പദ്ധതി.