മൂവാറ്റുപുഴ: അനധികൃത മാലിന്യ നിക്ഷേപവും കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. 10നു രാവിലെ 11നു കച്ചേരിത്താഴത്ത് ചെയർപേഴ്സണ്‍ ഉഷ ശശിധരൻ ഉദ്ഘാടനം നിർവഹിക്കും. വൈസ് ചെയർമാൻ പി.കെ. ബാബുരാജ് അധ്യക്ഷതവഹിക്കും. ഒന്നാംഘട്ടമായി വാഴപ്പിള്ളി ലിസ്യൂ സെന്റർ, കച്ചേരിത്താഴം, ഇഇസി മാർക്കറ്റ് റോഡ്, പോസ്റ്റോഫീസ് ജംഗ്ഷൻ, എവറസ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം കാമറകൾ സ്ഥാപിക്കുന്നത്.
നഗരത്തിൽ 15 ഇടങ്ങളിൽ കാമറ സ്ഥാപിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പോലീസിന്റെയും നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെയും സ്ഥിരം നിരീക്ഷണമുണ്ടാകും. ഇതിനു പുറമെ മുഴുവൻ കൗണ്‍സിലർമാരുടെയും മൊബൈൽ ഫോണിലേയ്ക്കും കാമറ ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കും.
നഗരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടുകയെന്നതാണ് കാമറ സ്ഥാപിച്ചതിന്റെ പ്രധാനലക്ഷ്യമെന്നു ചെയർപേഴ്സണ്‍ ഉഷ ശശിധരൻ പറഞ്ഞു. ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സണ്‍ വ്യക്തമാക്കി. നഗരത്തിലെ ഗതാഗത നിയമ ലംഘനം, സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം, മോഷണം തുടങ്ങിയവ നിയന്ത്രിക്കാൻ ഒരു പരിധിവരെ കാമറ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്.
ഏതാനും വർഷങ്ങൾക്കുമുന്‍പ് നഗരത്തിൽ പലയിടത്തും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് പലതും അപ്രത്യക്ഷമാവുകയായിരുന്നു. കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു കാമറകൾ അന്ന് സ്ഥാപിച്ചിരുന്നത്.
പോലീസ് സ്റ്റേഷനിൽ ടിവിയും മറ്റു സംവിധാനങ്ങളും സ്ഥാപിച്ച് കണ്ട്രോൾ റൂം ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിക്കായി മുന്നിട്ടിറങ്ങിയ വ്യാപാരികൾക്ക് ലക്ഷങ്ങൾ നഷ്ടമാവുകയും ചെയ്തു.