മൂവാറ്റുപുഴ: നഗരത്തിലെത്തിയാൽ ശങ്കയകറ്റാൻ നിവൃത്തിയില്ലാതെ ജനം ആശങ്കയിൽ. ദിവസവും ആയിരക്കണക്കിനു ആളുകളെത്തുന്ന മൂവാറ്റുപുഴ നഗരത്തിനാണ് ഈ ദുർഗതി. കച്ചേരിത്താഴത്ത് മൂവാറ്റുപുഴ നഗരസഭയുടെ കീഴിൽ പേരിന് ഒരു കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും പ്രവർത്തനം കാര്യക്ഷമമാകാറില്ല. രാത്രിയിൽ പൂർണമായും പകൽ സമയങ്ങളിൽ ഭാഗികമായും പ്രവർത്തനം മുടക്കുന്ന കംഫർട്ട് സ്റ്റേഷനെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശത്തെ വ്യാപാരികളുൾപ്പെടെയുള്ള ജനം.
കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം വേണ്ടവിധത്തിൽ നടക്കാത്തതുമൂലം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ദുരിതമനുഭവിക്കുകയാണ്. നഗരസഭ സ്വകാര്യ വ്യക്തിയെ ഏൽപ്പിച്ചിരിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കംഫർട്ട് സ്റ്റേഷനിൽനിന്ന് ഒഴുകുന്ന മലിനജലം റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും ഒഴുകുകയാണ്.
സമീപത്ത് സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന യാത്രക്കാർക്കും ഇതു പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നാല് മുറികളിലായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ മൂന്ന് മുറി പലപ്പോഴും അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. നടത്തിപ്പിനായി ഏറ്റെടുത്തിരിക്കുന്ന കരാറുകാരൻ പലപ്പോഴും സ്ഥലത്തില്ലെന്നും നാട്ടുകാർ പറയുന്നു. തുറന്നിട്ടിരിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ കയറിയിറങ്ങുന്ന ആവശ്യക്കാർ പലപ്പോഴും പണം നൽകാതെ സ്ഥലം കാലിയാക്കുകയാണ് പതിവ്. ഇതും കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നുണ്ട്.
കഴിഞ്ഞ നഗരസഭയുടെ കാലത്ത് നെഹ്റു പാർക്ക് ജംഗ്ഷനിൽ ഇ-ടോയിലറ്റ് സംവിധാനം ആരംഭിച്ചെങ്കിലും പ്രവർത്തനം തകരാറിലായതിനെത്തുടർന്നു അറ്റകുറ്റപ്പണി നടത്തി മുന്നോട്ടു കൊണ്ടുപോകാനാകാത്തതും പ്രശ്നത്തിന്റെ സങ്കീർണത വർധിപ്പിക്കുന്നു. കെഎസ്ആർടിസി സ്റ്റാൻഡിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ടോയിലറ്റ് പൊളിച്ചു നീക്കിയതോടെ ഇവിടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ടോയിലറ്റ് ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലും മറ്റുമുള്ള ടോയിലറ്റുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. രാത്രികാലങ്ങളിൽ ദൂരയാത്രയ്ക്കായും മറ്റുമെത്തുന്നവർക്കാണ് പ്രശ്നം ഏറെ ദുരിതം സമ്മാനിക്കുന്നത്.