മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയുടെ കീഴിൽ സർവീസുകൾ വെട്ടിക്കുറച്ചതോടെ യാത്രാക്ലേശം രൂക്ഷമാകുന്നു. സിംഗിൾ ഡ്യൂട്ടി പരിഷ്കാരത്തിന്റെയും വരുമാന നഷ്ടമുള്ള സർവീസുകൾ പുനക്രമീകരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് സർവീസുകൾ വെട്ടിക്കുറച്ചതെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.
ഗ്രാമീണ മേഖല ഉൾപ്പെടെയുള്ള ട്രിപ്പുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്പോൾ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ പല ഷെഡ്യൂളുകളും മുടങ്ങുകയാണ്. മൂവാറ്റുപുഴയിൽനിന്നു കൂത്താട്ടുകുളം, പെരുന്പാവൂർ, കാക്കനാട് എന്നിവ കൂടാതെ വിവിധ ഗ്രാമീണ മേഖലകളിലേക്ക് സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസുകളാണ് ഏറെയും നിർത്തലാക്കിയിരിക്കുന്നത്.
ഇതുമൂലം വിദ്യാർഥികൾക്കാണ് ഏറെ ദുരിതം. കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിനു വിദ്യാർഥികളാണ് മൂവാറ്റുപുഴ മേഖയിലുള്ളത്. എംസി റോഡിലൂടെയും കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലൂടെയും സർവീസ് നടത്താൻ കെഎസ്ആർസിക്കു മാത്രമേ അനുമതിയുള്ളൂ. ഇതിനിടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്.
മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ചില ബസുകൾ കാക്കനാട് എത്തിച്ചേരുന്നില്ല. പകരം കിഴക്കന്പലത്ത്എത്തിയതിനുശേഷം തിരികെ മൂവാറ്റുപുഴയ്ക്കു പോരുകയാണ്. രാവിലെ 5.30ന് മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന സർവീസ് കാക്കനാട് പോയി തിരികെ 8.30ഓടെ മൂവാറ്റുപുഴയിൽ എത്തിച്ചേരുന്ന ട്രിപ്പ് പലപ്പോഴും അട്ടിമറിക്കപ്പെടുന്നു.
കാക്കനാട് പോകാതെ കിഴക്കന്പലത്ത് ട്രിപ്പ് എത്തിയതിനുശേഷം തിരികെ മൂവാറ്റുപുഴയിലേക്ക് തന്നെ പോകുന്നതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതോടെ രാവിലെ സ്ഥിരമായി മൂവാറ്റുപുഴ ഭാഗത്തേക്ക് വരാനായി കാക്കനാട് ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളടക്കമുള്ളവർ വലയുകയാണ്.
എന്നാൽ രാവിലെ പുറപ്പെടാൻ വൈകുന്നതാണ് കാക്കനാട് ട്രിപ്പ് അവസാനിപ്പിച്ച് മൂവാറ്റുപുഴയിലേക്ക് മടങ്ങാൻ കാരണമെന്നാണ് അധികാരികളുടെ വിശദീകരണം. രാവിലെയും വൈകുന്നേരവും പലപ്പോഴും മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ സർവീസ് റദ്ദു ചെയ്യുന്നത് പതിവായിരിക്കുകയാണ്. ലാഭകരമായ സർവീസുകൾ വെട്ടിച്ചുരുക്കുന്നതിനു പിന്നിൽ സ്വകാര്യ ബസുകളുമായുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.