മൂവാറ്റുപുഴ: ആറു വര്‍ഷം മുമ്പ് കോടികള്‍ ചെലവഴിച്ച് മൂവാറ്റുപുഴയില്‍ നിര്‍മിച്ച അത്യാധുനിക മത്സ്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒന്നര വര്‍ഷം മുമ്പ് മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ലേലത്തിനെടുത്തവര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതെ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതിനെതിരേ നഗരസഭ നോട്ടീസ് അയച്ചെങ്കിലും നടപടിയായില്ല.
പ്രവര്‍ത്തനം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ നഗരസഭയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തീരദേശ വികസന തുകയടക്കം ഉപയോഗപ്പെടുത്തി രണ്ട് കോടിയോളം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മത്സ്യ മാര്‍ക്കറ്റ് നാലര വര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.
ഇതിനിടെ നഗരസഭാ ചട്ടം ലംഘിച്ച് ലേലത്തിനെത്തിയവരില് ഭൂരിപക്ഷം പേരെയും ഒഴിവാക്കി നഗരത്തിലെ ലൈസന്‍സുള്ള ചെറുകിട മീന്‍ കച്ചവടക്കാരെ ലേലത്തില്‍ പങ്കെടുപ്പിച്ചു. ഇതുമൂലം നഗരസഭ ഉദേശിച്ചതിലും വളരെ കുറഞ്ഞ തുകയ്ക്കാണ് ലേലം നടന്നത്.
എന്നാല്‍, മത്സ്യവില്പനക്കാര് ആരും സ്റ്റാളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമില്ല. ഇതിന് ഇവര്‍ ഒട്ടേറെ നിബന്ധനകളാണ് നഗരസഭക്ക് മുന്നില്‍വച്ചത്. ഇതേ തുടര്‍ന്നാണ് നഗരസഭ നിയമ നടപടികളിലേക്ക് പോയത്.
ഇതിനിടെ, മാര്‍ക്കറ്റിലെ ഫ്രീസര്‍ സംവിധാനവും ആധുനിക മാലിന്യ സംസ്കരണ സംവിധാനവുമെല്ലാം താറുമാറായി. മത്സ്യ മാര്‍ക്കറ്റിന്റെ കൂറ്റന്‍ ബോര്‍ഡും നശിച്ചനിലയിലാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മാര്‍ക്കറ്റില്‍ വെള്ളം കയറിയിരുന്നു.
ര്ക്കറ്റിലെ കെട്ടിടത്തിനകത്തും പുറത്തും കാലികള്‍ മേയുകയാണ്. ഉപഭോക്താക്കള്‍ക്ക് നല്ല മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തു അഞ്ചിടത്ത് ആരംഭിച്ച ആധുനിക മാര്‍ക്കറ്റുകളില്‍ പ്രവര്‍ത്തനം തുടങ്ങാത്ത ഏക മാര്‍ക്കറ്റാണ് ഇത്.
എംസി റോഡില്‍ പേഴയ്ക്കാപ്പിള്ളിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിന് പകരമായാണ് ഇഇസി മാര്ക്കറ്റിനേടു ചേര്‍ന്ന് ആധുനിക രീതിയില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ് പണികഴിപ്പിച്ചത്.
കോടികള്‍ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിക്ഷേധം ശക്തമായിട്ടുണ്ട്. അതേ സമയം സമീപത്തെ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കായിക താരങ്ങള്‍ക്ക് താമസ സൗര്യമൊരുക്കാനായി ഹോസ്റ്റല്‍ സംവിധാനം ഒരുക്കാന്‍ നീക്കം നടക്കുന്നതായും പറയുന്നു.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുറി ലേലം വിളിച്ചിരിക്കുന്നവര്‍ എത്താത്തതാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാതെ അടഞ്ഞുകിടക്കാന്‍ കാരണമായിരിക്കുന്നതെന്ന് നഗരസഭ അധ്യക്ഷ ഉഷ ശശിധരന് പറഞ്ഞു.