മൂവാറ്റുപുഴ: കാവുങ്കര മാർക്കറ്റ് റോഡിലെ കയറ്റിറക്ക് ജോലികൾ യാത്രക്കാരിൽ അപകടഭീതി വർധിപ്പിക്കുന്നു. ഇറക്കുന്നതിനിടയിൽ സാധനങ്ങൾ റോഡിലേക്ക് വീണ് അപകടങ്ങൾ സംഭവിക്കുമെന്ന ഭീതിയിലാണ് യാത്രക്കാർ. കഴിഞ്ഞ വെള്ളിയാഴ്ച സാധനങ്ങൾ ഇറക്കുന്നതിനിടയിൽ അശ്രദ്ധമായി വലിച്ചെറിഞ്ഞ പടുത വീണുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചിരുന്നു. ലോറിയുടെ മുകളിൽനിന്നു താഴേക്കെറിഞ്ഞ പടുത സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്നു നിയന്ത്രണംവിട്ട വാഹനം എതിരേ വന്ന ബസിനടിയിൽപ്പെടുകയായിരുന്നു.
കൊച്ചി-ധനുഷ്ക്കോടി ദേശീയ പാതയുടെ ഭാഗമായ റോഡിൽ കയറ്റിറക്കുമായി ബന്ധപ്പെട്ട് അധികൃതർ കർശന നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. ജില്ലയിലെ തന്നെ വലിയ മാർക്കറ്റായ ഇവിടെ കയറ്റിറക്ക് ജോലി സുഗമമാക്കുന്നതിന് വിവിധ പദ്ധതികൾ തയാറാക്കിയെങ്കിലും ഇവയിൽ പലതും ജലരേഖയായിരിക്കുകയാണ്. ജീവൻ പണയം വച്ചാണ് യാത്രക്കാർ റോഡിലൂടെ യാത്ര ചെയ്യുന്നത്.
കാൽനട, ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സ്കൂൾ, ഓഫീസ് സമയങ്ങളിൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് റോഡിലൂടെ കടന്നുപോകുന്നത്. റോഡിലെ തിരക്ക് കണക്കിലെടുത്ത് നടപ്പിലാക്കിയ വണ്വേ അടക്കുമുള്ള ഗതാഗത സംവിധാനങ്ങൾ പാളിയിരിക്കുകയാണ്.ലോഡുമായെത്തുന്ന വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.
മൂവാറ്റുപുഴയിൽനിന്നു കോതമംഗലം, പോത്താനിക്കാട് ഭാഗങ്ങളിലേക്കുള്ള ബസുൾപ്പെടെയുള്ള വാഹനങ്ങൾ പലപ്പോഴും പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. ദിവസവും മാർക്കറ്റിലെ മൊത്തവ്യാപാര ശാലകളിലേക്കു നൂറുകണക്കിനു വാഹനങ്ങളാണ് എത്തുന്നത്. പ്രധാന മാർക്കറ്റ് ദിവസങ്ങളായ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നിരവധി വാഹനങ്ങളെത്തുന്നത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കും.
വീതികുറഞ്ഞ റോഡിൽ നിയമം പാലിക്കാതെ വാഹനങ്ങൾ തിരിയുന്നതും പലപ്പോഴും ഗതാഗതക്കുരിക്കിനു കാരണമാകുന്നുണ്ടെന്നും ആക്ഷേപമുണ്ട്. മാർക്കറ്റിൽ സാധനങ്ങൾ ഇറക്കാനും കയറ്റാനുമായി റോഡിന്റെ ഒരു വശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് നഗരസഭ അനുവദിച്ചിട്ടുള്ളത്. എന്നാൽ തൊഴിലാളികളുടെയും മറ്റും സൗകര്യത്തിനനുസരിച്ച് ഇരുവശങ്ങളിലും വാഹനം പാർക്ക് ചെയ്ത് കയറ്റിറക്ക് ജോലികൾ നടത്തുന്നതു ദുരിതം വർധിപ്പിക്കുകയാണ്.
മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്ത് കയറ്റിറക്ക് നടത്തുന്നതിനെതിരേ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധമുയർന്നെങ്കിലും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നിയമ ലംഘനം നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നു നഗരസഭ ഗതാഗത ഉപദേശക സമിതി നിർദേശം നൽകിയിട്ടുണ്ടെങ്കിലും ട്രാഫിക് പോലീസ് അടക്കം നിസംഗത തുടരുകയാണ്.
കയറ്റിറക്ക് സമയങ്ങളിൽ ട്രാഫിക് പോലീസിന്റെയും മറ്റും പരിശോധന പേരിലൊതുങ്ങുന്നതായും ആരോപണം ശക്തമാണ്. ഗതാഗത നിയമങ്ങൾ ലംഘിച്ചെത്തുന്ന ഡ്രൈവർമാർക്കെതിരേ പലപ്പോഴും അധികൃതർ സ്വീകരിക്കുന്ന മൃദുസമീപനമാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നും പറയപ്പെടുന്നു.