മൂവാറ്റുപുഴ: കനത്ത മഴയിൽ മൂവാറ്റുപുഴയാർ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നഗരത്തിലെ ഇലാഹിയ കോളനി, കൊച്ചങ്ങാടി, എട്ടങ്ങാടി, ഹോമിയോ ആശുപത്രി, പെരുമറ്റം കൂൾമാരി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി നിരവധി വീടുകളിൽ വെള്ളത്തിലായി. ഇന്നലെ രാത്രിയോടെയാണ് വെള്ളം കയറി തുടങ്ങിയത്. മഴയുടെ ശക്തികൂടിയാൽ ഇനിയും വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
മാർക്കറ്റ് ഭാഗത്തേയ്ക്ക് വെള്ളം കയറുമെന്ന ആശങ്കയുള്ളതിനാൽ വ്യാപാരികൾ സാധനങ്ങൾ എല്ലാം മാറ്റി തുടങ്ങി. ടൗൺ യുപി സ്കൂൾ, എൻഎസ്എസ് സ്കൂൾ, ഇലാഹിയ സ്കൂൾ എന്നിവിടങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാന്പും പ്രവർത്തനം ആരംഭിച്ചു. അവിടേയ്ക്ക് ആളുകളെ മാറ്റി തുടങ്ങി. പോലീസ്, ഫയർഫോഴ്സ്, റവന്യൂവകുപ്പ് അധികൃതരെല്ലാം രാത്രി മുതൽ സ്ഥലത്തെത്തിയിട്ടുണ്ട്.
ഫയർഫോഴ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കും വെള്ളം കയറിരിക്കുകയാണ്. റോഡുകളിലെ വെള്ളകെട്ടുമൂലം നഗരത്തിൽ ഗതാഗതകുരുക്കും രൂക്ഷമാണ്. വാഴപ്പിള്ളി, അരമന ജംഗ്ഷൻ, പെരുമറ്റം എന്നിവിടങ്ങളിലെല്ലാം വെള്ളംകെട്ടുമൂലം കാൽനട വരെ ദുരിതമായിരിക്കുകയാണ്. പൊതുവേ യാത്രാക്കുരുക്കുള്ള മൂവാറ്റുപുഴ നഗരത്തിൽ വെള്ളക്കെട്ടുമായതോടെ നഗരം നിശ്ചലമായിരിക്കുകയാണ്.
നഗരസഭ പതിമൂന്നാം വാർഡിൽ കിഴക്കേകര നരിമറ്റം റോഡിലെ നാല് വീടുകളിൽ വെള്ളം ഒഴുകിയെത്തി. പാലാക്കാരൻ മറിയാമ്മ മൈക്കിൾ, അഞ്ജനത്തിൽ ഹരികൃഷ്ണൻ, വേങ്ങത്താനത്ത് ലത്തീഫ്, ആശ്രമത്താഴത്ത് ദിലീപ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ഓട മണ്ണിട്ടു മൂടിയതും ചില സ്ഥലങ്ങളിൽ ഓട ക്ലീൻ ചെയ്യാത്തതുമാണ് വെള്ളം കയറാൻ കാരണമായത്. കടാതി സ്വദേശി സുബ്രഹ്മണ്യന്റെ വീടിനു മകളിലേക്കു മരം വീണ് കേടുപാടുകൾ സംഭവിച്ചു. നഗരത്തിലെ ആനച്ചാൽ, സ്റ്റേഡിയത്തിനു പരിസരത്തെ പാടശേഖരങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ നിലവിൽ വെള്ളത്തിനടിയിലാണ്.