മൂവാറ്റുപുഴ: നഗരത്തിലെ സുരക്ഷിതം ഉറപ്പുവരുത്തുവാൻ സ്ഥാപിച്ച കാമറകൾ ഉദ്ഘാടന ദിവസം പോലും പ്രവർത്തിക്കാത്തതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലർമാർ പ്രതിഷേധവുമായി രംഗത്ത്. നഗരം വൃത്തിയായി സൂക്ഷിക്കാനും സാമൂഹ്യ വിരുദ്ധരെ പിടികൂടുന്നതിനും മദ്യം, മയക്കുമരുന്ന് ഉപയോഗം കൂടുതലായി കണ്ടുവരുന്നത് നിയന്ത്രണം ഉണ്ടാക്കുന്നതിനുമാണ് നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിലായി രണ്ടു മാസം മുന്‍പ് 15 കാമറകൾ സ്ഥാപിച്ചത്.
എന്നാൽ ഗുണനിലവാരം കുറഞ്ഞ കാമറകൾ വാങ്ങിയതിനാലാണ് ഉദ്ഘാടന ദിവസം പോലും പ്രവർത്തിക്കാനാവാത്തതെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആരോപണം.പിന്നീട് തകരാർ പരിഹരിച്ച് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി.
നിരീക്ഷണ കാമറയുടെ പ്രവർത്തനം പോലീസ് സ്റ്റേഷനിലും നഗരസഭ ആരോഗ്യജീവനക്കാരുടെ ഓഫീസിലും മുഴുവൻ നഗരസഭാംഗങ്ങളുടെ മൊബൈൽ ഫോണിലും ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നു കൗണ്‍സിൽ യോഗം തീരുമാനിച്ചെങ്കിലും നടപടിയായില്ല.
ഇതേത്തുടർന്നാണ് പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൾ സലാം, സി.എം. ഷുക്കൂർ, ജയകൃഷ്ണൻ നായർ, ജിനു മടേയ്ക്കൽ, ജെയ്സണ്‍ തോട്ടത്തിൽ, പ്രമീള ഗിരീഷ്കുമാർ, ഷാലിന ബഷീർ, സുമിഷ നൗഷാദ്, ഷൈല അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.