റാന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പ്ലാച്ചേരി – കോന്നി റീച്ചില്‍ വ്യാപകമായ അഴിമതി ആരോപണവും പ്രതിഷേധങ്ങളും ഉയരുന്നു. റോഡുപണികള്‍ തുടങ്ങിയതു മുതല്‍ പല സ്ഥലങ്ങളിലേയും, നിര്‍മാണ പോരായ്മ ചൂണ്ടിക്കാട്ടി ഒരുവിഭാഗം നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.
പിന്നീട് പ്രത്യക്ഷ സമരപരിപാടിയായി മാറുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ മാമുക്ക് ജംഗഷനിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട്, വ്യാപാരികള്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന്, റോഡിലെ അടയാളം വരെ കരാര്‍ കമ്പനി മായ്ക്കേണ്ടി വന്നിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തിനു തിരിച്ചടിയായി കരാര്‍ കമ്പനി റോഡുപണി നിര്‍ത്തിവച്ചിരിക്കുന്നതായി പറയുന്നു. ഇട്ടിയപ്പാറ ടൗണിലെ നിര്‍മാണ അപാകതയടക്കം മറ്റു സ്ഥലങ്ങളിലേയും പണിയുടെ പോരായ്മ പരാതിയായതിനെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടി ആവശ്യപ്പെട്ട് റാന്നി പൗരാവലിയും, നാട്ടുകാരും ചേര്‍ന്ന് സംസ്ഥാന പാതയില്‍ ഉപരോധസമരം നടത്തിയിരുന്നു.
ഇട്ടിയപ്പാറ ടൗണിലാണ് നാട്ടുകാരുടെയും, ജനപ്രതിനിധികളും ചേര്‍ന്ന് ഉപരോധം നടത്തിയത്. റോഡിന്റെ സര്‍വേ ജോലികള്‍ മുതല്‍ കരാര്‍ കമ്പനി പണി നടത്തുന്ന ഇടങ്ങളില്‍ പല പ്രദേശത്തും ആരോപണങ്ങളുമായി നാട്ടുകാര്‍ രംഗത്ത് വരുന്നെങ്കിലും ഉദ്യോഗസ്ഥ, കരാര്‍ കൂട്ടുകെട്ട് ബലപ്പെട്ടതായതിനാല്‍ നാട്ടുകാരുടെ പരാതിക്ക് പരിഹാരമില്ലെന്നാണ് പറയുന്നത്.
പ്ലാച്ചേരി മുതല്‍ കോന്നി വരെയുള്ള ഭാഗങ്ങളില്‍ സര്‍വേ നടത്തി അതിരു തിരിച്ച് കല്ല് ഇട്ടാണ് നിര്‍മാണം തുടങ്ങിയത്.എന്നാല്‍ പല പ്രദേശങ്ങളിലും അളവ് കല്ല് മാറ്റി റോഡിന്റെ ഗതി തന്നെ തിരിച്ചതായാണ് പറയുന്നത്. സംസ്ഥാന പാതയുടെ നിര്‍മാണത്തിനു കല്ലിട്ട ഭാഗങ്ങളില്‍ ഒന്നര, രണ്ട് അടി വീതം അളവില്‍ സ്ഥലം ഒഴിച്ചിട്ടാണ് നിര്‍മാണം നടത്തിയിരിക്കുന്നത്.
സംസ്ഥാന പാതയില്‍ ഉതിമൂട് മുതല്‍ പ്ലാച്ചേരി വരെയുള്ള ഭാഗങ്ങളില്‍ ഇത്തരത്തില്‍ കരാര്‍ കമ്പനിയും, ഉദ്യോഗസ്ഥരും കൂടി ഭൂ ഉടമകളെ സഹായിക്കുന്നതായി ആരോപണമുണ്ടായി. നിര്‍മാണവുമായി ബന്ധപ്പെട്ട കാലതാമസം വ്യാപാരികളെയും നാട്ടുകാരെയും ഒരേപോലെ ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്.
റാന്നി ടൗണ്‍ ഭാഗത്ത് കാല്‍നടപോലും അസാധ്യമായ സാഹചര്യമാണ്. വാഹനഗതാഗതവും പാര്‍ക്കിംഗുമെല്ലാം തടസപ്പെട്ടിരിക്കുകയാണ്. പൊടിശല്യവും മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ടും ചെളിയും ഒട്ടേറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.