മൂവാറ്റുപുഴ: കോതമംഗലം-മൂവാറ്റുപുഴ, മൂവാറ്റുപുഴ-കാളിയാർ റൂട്ടുകളിലെ ഏതാനു ഭാഗങ്ങൾ തകർന്ന് തരിപ്പണമായിട്ടും കുഴിനികത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ മോട്ടോർ തൊഴിലാളി സംഘം മൂവാറ്റുപുഴ മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 12ന് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോതമംഗലം വിമലഗിരി മുതൽ തങ്കളം സ്റ്റാൻഡുവരെയും മൂവാറ്റുപുഴ വണ്‍വേ മുതൽ മാർക്കറ്റ് സ്റ്റാൻഡുവരെയുമുള്ള റോഡ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. റോഡിന്റെ ശോച്യാവസ്ഥമൂലം ബസുകൾ സമയത്ത് ഓടിയെത്താൻ പറ്റാത്തത് പലപ്പോഴും ട്രിപ്പുകൾ മുടങ്ങുന്നതിനും വാക്കേറ്റത്തിനും കാരണമാകുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
ബസുകൾ റോഡിലെ കുഴിയിൽ വീണതുമൂലമുണ്ടാകുന്ന ഉലച്ചിലിൽ യാത്രക്കാർക്ക് പരിക്കേറ്റ സംഭവുമുണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണ് സൂചന പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചതെന്ന് യൂണിയൻ പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ, വൈസ് പ്രസിഡന്റ് പി.ഡി. എൽദോസ്, മൂവാറ്റുപുഴ മേഖല പ്രസിഡന്റ് എച്ച്. വിനോദ് എന്നിവർ അറിയിച്ചു.