മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ വീട്ടമ്മയുടെ കബറടക്കം ഇന്ന് നടക്കും. വൈകുന്നേരം നാലിന് പെരുമറ്റം ജുമാമസ്ജിദിൽ ആണ് കബറടക്കം. മുളവൂര്‍ നിരപ്പ് കോട്ടക്കുടിതാഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ വെസ്റ്റ് പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലിയെ (33) പോലീസ് അറസ്റ്റ് ചെയതിരുന്നു.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാര്‍ക്ക് ഉച്ചഭക്ഷണം നല്കാന് മകളുമൊത്താണ് സിംന ഇന്നലെ ആശുപത്രിയില്‍ എത്തിയത്. വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന് ഭക്ഷണം നല്കിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ മകളോടൊപ്പം പുറത്തേക്കിറങ്ങുന്നതിനിടെ പ്രസവ വാര്‍ഡിനു മുന്നില്‍ വച്ച് ഷാഹുല്‍ ഇവര്‍ക്കരികിലേക്ക് ഓടിയെത്തി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സിംനയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
നിലത്തു കമിഴ്ന്നുവീണ് സിംനയുടെ പുറത്ത് വീണ്ടും ഇയാള്‍ പലവട്ടം കുത്തി. ആക്രമണം കണ്ട് പരിസരത്തുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും അലമുറയിട്ടത്തോടെ ഷാഹുല്‍ ആശുപത്രിയില്‍ നിന്നിറങ്ങി ഓടി. ശരീരത്തില്‍ കത്തി തറഞ്ഞിരുന്ന നിലയിലായിരുന്നു. ഉടന്‍ ആശുപത്രി ജീവനക്കാര്‍ സിംനയെ സമീപത്തെ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതിനിടെ വിവരമറിഞ്ഞെത്തിയ പോലീസ് ഷാഹുലിനെ പിന്തുടര്ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുകൈകളിലും കൈകളില്‍ ആഴത്തില്‍ മുറിവേറ്റിരുന്ന ഷാഹുലിനെ പിന്നീട് പോലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംനയുടെ ഭര്‍ത്താവ് ഷക്കീര്‍ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.
ഇപ്പോള്‍ നാട്ടില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. അയല്‍വാസിയായിരുന്ന ഷാഹുലായിരുന്നു ഭര്‍ത്താവ് ഷക്കീര്‍ വിദേശത്തുള്ള സമയത്ത് സിംനയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തിരുന്നത്. സമീപകാലത്ത് ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. സിംന ജോലി ചെയ്തിരുന്ന പെരുമറ്റത്തുള്ള കര്ട്ടന് വ്യാപാര സ്ഥാപനത്തില്‍ കഴിഞ്ഞയാഴ്ച ഷാഹുല്‍ എത്തി ബഹളം വച്ചതിനെ തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഷാഹുല്‍ സിംനയെ പലവട്ടം ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നാണു മൂവാറ്റുപുഴ ടൗണിലെ കടയില്‍നിന്നും വാങ്ങിയ കത്തിയുമായി ആശുപത്രിയില്‍ എത്തി കൊലപാതകം നടത്തിയതെന്നാണ് ഷാഹുല്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സിംനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്കി . മക്കള്‍: സാഹിര്‍, സൗഫാന, സഹാന.