മൂവാറ്റുപുഴ: പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കറുകടം ഞാഞ്ഞൂൽ കോളനിയിൽ കടിഞ്ഞോലിൽ ബേസിൽ എൽദോസിനെയും (20) അക്രമത്തിൽ സഹായിയായിരുന്ന പതിനേഴുകാരനെയുമാണ് അറസ്റ്റ് ചെയ്തത്. പണ്ടിരിമല തടിലക്കുടിപ്പാറയിൽ അഖിലിനെ (19) യാണ് സംഘം ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
മൂവാറ്റുപുഴ ആരക്കുഴ ജംഗ്ഷനിലെ മെഡിക്കൽ സ്റ്റോറിൽനിന്നു മാസ്ക് വാങ്ങി കൂട്ടുകാരനുമൊത്ത് തിരികെയിറങ്ങിയ അഖിലിനെ ബൈക്കിൽ സുഹൃത്തുമൊത്ത് എത്തിയ ബേസിൽ വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണു കേസ്. സാരമായി പരിക്കേറ്റ അഖിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പതിനേഴുകാരനെ ഞായറാഴ്ച രാത്രിയും ബേസിലിനെ ഇന്നലെ അഞ്ചോടെ ചാലിക്കടവു പാലത്തിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും. ബേസിലിന്റെ സഹോദരിയും അഖിലും പ്ലസ്ടുവിന് ഒന്നിച്ചു പഠിച്ചിരുന്നു.
ഇവർ തമ്മിലുള്ള സ്നേഹബന്ധത്തെ ബേസിൽ എതിർക്കുകയും പലവട്ടം തർക്കങ്ങളും കൈയാങ്കളിയും ഉണ്ടാകുകയുംചെയ്തിരുന്നു. ഇതേത്തുടർന്നുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. രണ്ടു പ്രതികൾക്കുമെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വലതു കൈക്കും കണ്ണിന്റെ മേൽ ഭാഗത്തും സാരമായ പരിക്കേറ്റ അഖിലിനെ ഇന്നലെ പുലർച്ചെ തന്നെ ശസ്ത്രക്രിയക്കു വിധേയ നാക്കി. അഖിൽ പതിനൊന്നാം വാർഡിൽ ചികിത്സയിലാണ്.യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോ ക്ടർമാർ അറിയിച്ചു.