
മൂവാറ്റുപുഴ: കരാർ ജീവനക്കാരുടെ സമരത്തിൽ കുടിവെള്ളം മുട്ടിയതോടെ വാട്ടർ അഥോറിറ്റിക്കു മുന്നിൽ സമരപരിപാടികളുമായി പ്രദേശവാസികൾ. പിന്തുണയുമായി യുഡിഎഫ് കൗണ്‍സിലർമാരും.
നഗരസഭയിലെ പതിനൊന്നാം വാർഡിലെ 40 കുടുംബങ്ങൾക്ക് കുടിവെള്ളം നിലച്ചിട്ട് ദിവസങ്ങളായി. നിർമല മെഡിക്കൽ സെന്ററിനു സമീപത്തായി പൈപ്പുപൊട്ടി ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്. ഒരാഴ്ചയിലേറെയായി പൈപ്പുപൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട്.
ഇതോടെ രണ്ടാർ പ്രദേശത്തു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രദേശവാസികൾ ജല അഥോറിറ്റി അധികൃതരോട് പരാതിപ്പെട്ടെങ്കിലും കരാറുകാർ സമരത്തിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വെള്ളത്തിനായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ.
നാട്ടുകാർക്ക് പിന്തുണയർപ്പിച്ച് യുഡിഎഫ് കൗണ്‍സിലർമാർ എത്തിയതോടെ സമരം ശക്തമായി. നഗരസഭ പ്രതിപക്ഷാംഗങ്ങളായ കെ. അബ്ദുൽ സലാം, സി.എം ഷുക്കൂർ, പ്രമീള ഗിരീഷ് കുമാർ, ജിനു ആന്റണി, ജെയ്സണ്‍ തോട്ടത്തിൽ എന്നിവരാണ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയത്.
വിവിധ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അഥോറിറ്റി കരാർ ജീവനക്കാർ കഴിഞ്ഞ 17 മുതൽ അറ്റകുറ്റപ്പണികൾ നിർത്തിവച്ച് സമരം നടത്തിവരികയാണ്. നഗരത്തിൽ നിരവധിയിടങ്ങളിലാണ് പൈപ്പുപൊട്ടി കുടിവെള്ളം പാഴായ്ക്കൊണ്ടിരിക്കുന്നത്.
കനത്ത വേനലിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്പോഴാണ് ദിവസവും ആയിരകണക്കിനു ലിറ്റർ കുടിവെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ കരാറുകാരുമായി ചർച്ച നടത്തി പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.