മൂവാറ്റുപുഴ: പത്താംക്ലാസുകാരിയെ പ്ലസ്ടുക്കാരന്‍ താലിചാര്‍ത്തുന്നതിന്റെ വീഡിയോ പ്രചരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ്. വിദ്യാര്‍ത്ഥിനിയുടെ പിതാവ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നുകാണിച്ച് പരാതിയുമായി സമീപിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടന്നകാര്യം എന്താണെന്ന് സ്ഥിരീകരിക്കുന്നതിനാണ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുന്നതെന്നും ഇതിന് ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുന്നത്തുനാട് സി.ഐ ജെ. കുര്യാക്കോസ് വ്യക്തമാക്കി. സംഭവം സംബന്ധിച്ച് ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലന്നാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം.
വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഇരുവരും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ പൊലീസ് വിദഗ്ധനിയമോപദേശം തേടിയിട്ടുണ്ട്. വീഡിയോ ദൃശ്യം പ്രചരിക്കാന്‍ കാരണം ആണ്‍കുട്ടിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലാണോ എന്നകാര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയമുണ്ട്. താലികെട്ടലും മറ്റും കുട്ടിക്കളിയായിക്കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസ് കേസില്‍ നിന്നും മറ്റും നേരത്തെ പിന്മാറിയിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ ഇത് ആസൂത്രിത നീക്കമാണോ എന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സംശയം.ഇത് സ്ഥിരീകരിക്കുന്നതിനും ആണ്‍കുട്ടി ഏതെങ്കിലും തരത്തില്‍ ചൂഷണം ചെയ്‌തോ എന്നു സ്ഥിരീകരിക്കുന്നതിനും വേണ്ടിയാണ് പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ മൂവാറ്റുപുഴ സിഐ യുടെ മുന്നില്‍ ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി എത്തിയിരുന്നു.
കേസ് നടപടികള്‍ വേണ്ടെന്നും ദൃശ്യങ്ങള്‍ പ്രചരി്ക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നും വ്യക്തമാക്കി അന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് മടങ്ങുകയായിരുന്നു. ഒരുമാസം മുമ്പ് മുതല്‍ വീഡിയോ പ്രചരിച്ചിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ വീഡിയോ പ്രചരിപ്പിച്ചത് ഗൗരവമേറിയ സൈബര്‍ കുറ്റകൃത്യമാണെന്നും ഇക്കാര്യത്തില്‍ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
മകള്‍ക്കും കുടുംബത്തിനുമുണ്ടാവുന്ന വിഷമതകള്‍ ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവ് കേസ് നടപടികളില്‍ നിന്നും ഒഴിവായതെന്നാണ് കരുതുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതില്‍ പെണ്‍കുട്ടിയും വീട്ടുകാരും കടുത്ത മനോവിഷമത്തിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വാളകത്തിന് സമീപമുള്ള സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും മറ്റൊരു സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും വിവാഹിതരാവുന്നതിന്റെ വീഡിയോ ആണ് പ്രചരിച്ചിട്ടുള്ളത്. വിവാഹത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിനിയില്‍ നിന്നും നേരത്തെ പൊലീസ് മൊഴിയെടുത്തിരുന്നു.
സഹപാഠികള്‍ക്ക് മുന്നിലായിരുന്നു വിവാഹമെന്ന് വീഡിയോ ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്.താലി അണിയിച്ച് ,തിരുനെറ്റിയില്‍ സിന്ദൂരമണിയിച്ച് വരന്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചുറ്റും നിന്നിരുന്നവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോമിലും വരന്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞുമാണ് വിവാഹത്തിനെത്തിയത്. വിവാഹം നടക്കുന്നതാകട്ടെ കുറ്റികാടുകളുടെ മറയ്ക്കുള്ളിലും.വീഡിയോ പുറത്തായതോടെയാണ് സംഭവം സ്‌കൂളിലും വിദ്യാര്‍ത്ഥികളുടെ വീട്ടുകാരും അറിയുന്നത്.ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് റൂറല്‍ എസ് പി രാഹൂല്‍ ആര്‍ നായര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ വിവാഹം സംബന്ധിച്ച പൊലീസ് തെളിവെടുപ്പില്‍ വരനായ വിദ്യാര്‍ത്ഥിക്കെതിരെ പട്ടിമറ്റം പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളതെന്നും ഇതു പ്രകാരമാണ് വിദ്യാര്‍ത്ഥിക്കെതിരേ കേസെടുത്തിട്ടുള്ളതെന്നും കുന്നത്തുനാട് സി ഐ ജെ.കുര്യാക്കോസ് അറിയിച്ചു. കേസില്‍ തുടര്‍നടപടികള്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു.