കടുത്തുരുത്തി: മൂവാറ്റുപുഴയാറിൽ മണൽ നിറഞ്ഞ് കിടക്കുന്നതിനാൽ ആറിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.
കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പുഴകളിലും തോടുകളിലും മണൽ നിറഞ്ഞതോടെ തീരപ്രദേശങ്ങളിൽ കഴിയുന്നവർ ആശങ്കയിലാണ്. പുഴമണൽ വാരാതായതോടെ ക്രഷർ മാഫിയകൾ സജീവമാവുകയും ചെയ്തതോടെ പാറപൊടിക്ക് ഡിമാന്റ് വർധിച്ചു.
ഇതോടെ കായലുകൾ, പുഴകൾ, തോടുകൾ, കൈത്തോടുകൾ എന്നീ ജലാശങ്ങളിൽ മണൽ നിറഞ്ഞു. കൂടാതെ പരിസ്ഥിതി പ്രവർത്തകർ പുഴയിലെ മണൽ വാരുന്നതിനെ എതിർത്തതും മണൽ വാരലിന് തടസമായി. നാലു വർഷമായി മൂവാറ്റുപുഴയാറിലെ മണൽ വാരിയിട്ടെന്നാണ് ഇതുമായി ബന്ധപെട്ട് പ്രവർത്തിച്ചിരുന്നവർ പറയുന്നത്.
ഇതുമൂലം പുഴയുടെ പല ഭാഗങ്ങളും മണലും എക്കലും നിറഞ്ഞ് കിടക്കുകയാണ്. ഇതോടെ വെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് നിലച്ചു.
പുഴകളിൽ നിന്നു മണൽ വാരുന്നത് സാമൂഹിക ദ്രോഹമായി അധികാരികളും പൊതുസമൂഹവും മാറിയതോടെയാണ് ക്രഷർ മാഫിയകൾ സജീവമായത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു മണിക്കൂറിലധികം മഴ നിന്നു പെയ്താൽ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്.
ഡാമുകളിൽ നിറയുന്ന വെള്ളം ഈ സമയം തുറന്നു വിടുക കൂടി ചെയ്താൽ 2018-19വർഷം നേരിട്ടതിലും രൂക്ഷമായ വെള്ളപ്പൊക്കം നാട് നേരിടേണ്ടതായി വരും.
ഓടകളും കൈതോടുകളുമെല്ലാം മാലിന്യം നിറഞ്ഞ് അടഞ്ഞതോടെ ടൗണുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഓടകൾ വൃത്തിയാക്കുന്ന ജോലികൾ പഞ്ചായത്തുകൾ ഇതുവരെയും തുടങ്ങിയിട്ടില്ല.
തോടുകൾ ആഴം കൂട്ടുന്ന പദ്ധതികൾ പഞ്ചായത്തുകൾ നേരത്തേ തുടങ്ങി വച്ചിരുന്നെങ്കിലും ഇത് പൂർത്തിയാക്കാനായില്ല. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് കോരിയെടുത്ത മണ്ണുകൾ പല സ്ഥലങ്ങളിലും കോരി മാറ്റാതെ വെള്ളത്തിൽ തന്നെ കലക്കി വിടുകയാണ് ചെയ്തത്. ഇത് സർക്കാരിന് സാന്പത്തിക നഷ്ടം വരുത്താനേ ഉപകരിച്ചുള്ളു.
രൂക്ഷമായ വെള്ളപ്പൊക്ക നിയന്ത്രണത്തിന് സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെങ്കിലും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ സ്വയം മുൻകരുതൽ എടുക്കേണ്ട സ്ഥിയാണ് ഉണ്ടായിരിക്കുന്നത്.