പത്തനംതിട്ട: മൂഴിയാര്‍ ആദിവാസി കോളനികളിലെ കുട്ടികളുടെ പഠനം മുടങ്ങുന്നു. െകാടും വനത്തിനുള്ളില്‍ കഴിയുന്ന കുട്ടികളില്‍ ഏറെയും സര്‍ക്കാര്‍ കണക്കുകളില്‍ സ്കൂളിലെത്തുന്നതായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഒരാള്‍ മാത്രമാണ്. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഊരിനുള്ളിലെ ജീവിത രീതിയും വിദ്യാഭ്യാസം ഇവര്‍ക്ക് അന്യമാവുകയാണ്.
ആദിവാസി വിഭാഗത്തില്‍പെട്ട സ്കൂള്‍ വിദ്യാർഥികള്‍ക്ക് വീട്ടില്‍ നിന്ന് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര സൗജന്യമാക്കുന്നതിനാണ് ഗോത്ര സാരഥി പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.എന്നാല്‍ ഇതിന്റെ പ്രയോജനം പൂര്‍ണ തോതില്‍ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണ് നിലനില്‍ക്കുന്നത്. ഉള്‍പ്രദേശങ്ങളിലെ പത്താം ക്ലാസ് വരെയുള്ള ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഇല്ലാത്തത് മൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി അട്ടത്തോട്ടില്‍ ഒരു എല്‍പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളില്ലാതെ ഇടക്കാലത്ത് അടച്ചുപൂട്ടിയ സ്കൂൾ രണ്ട് വര്‍ഷം മുമ്പാണ് പുനരാരംഭിച്ചത്. ഇത് യുപി സ്കൂളായി ഉയര്‍ത്തിയെങ്കിലും അധ്യയന വര്‍ഷം ആരംഭിച്ച് നാളുകള്‍ ഏറെയായിട്ടും ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ല.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ആണ്‍കുട്ടികളെ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലുള്ള കിസുമം സ്കൂളിലും പെണ്‍കുട്ടികളെ ചിറ്റാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എത്തിക്കുകയാണ് പതിവ്. ഇതിനോടൊപ്പം വടശേരിക്കരയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളും ഇവര്‍ക്കു പഠന സൗകര്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഊരുകളിൽ നിന്ന് കുട്ടികൾ സ്കൂളിലേക്കു പോകുന്നില്ല
മൂഴിയാറില്‍ ശബരിഗിരി പ്രോജക്ടിനോടു ചേർന്നുകിടക്കുന്ന ഊരുകളിലെ കുട്ടികളില്‍ ഏറെയും സ്കൂളില്‍ പോയിട്ടില്ല. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് സ്കൂളിലെത്തുന്നതിന് വസ്ത്രത്തിന്റെയും യാത്രയുടെയും ബുദ്ധിമുട്ടാണെങ്കില്‍ അയ്യപ്പന്റെയുംഷൈനയുടെയും രണ്ടിലും ഒന്നിലും പഠിക്കുന്ന കുട്ടികള്‍ക്ക് സ്കൂൾ വിദ്യാഭ്യാസം ആരോ പറഞ്ഞുള്ള അറിവാണ്.
ചന്ദ്രന്റെയും രജനിയുടെയും മക്കളും ഇതുവരെ സ്കൂളിലെത്തിയിട്ടില്ല. നാലു വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട ആറാം ക്ലാസില്‍ പഠിച്ചിരുന്ന രജിതയും നാലാം ക്ലാസില്‍ പഠിച്ചിരുന്ന സതീഷും സനീഷും ഈ വര്‍ഷം സ്കൂളില്‍ പോയിട്ടില്ലെന്നാണ് അമ്മമാരായ രാജമ്മയുടെയും തുളസിയും പറയുന്നത്. സമീപത്ത് തന്നെ താമസിക്കുന്ന ഒമ്പതാം ക്ലാസുകാരി സുമിത്രയും എട്ടില്‍ പഠിക്കുന്ന ശശീന്ദ്രനും സ്കൂളിലേക്കുള്ള യാത്ര മുടക്കി ടാര്‍പാളില്‍ പുതച്ച ഷെഡിനുള്ളില്‍ കഴിയുന്നത്.
ട്രൈബല്‍ വകുപ്പ് നടത്തിയ അവസാന വിവര ശേഖരണത്തില്‍ 230 കുടുംബങ്ങളിലായി 694 മലമ്പണ്ടാര ആദിവസികളാണ് ജില്ലയിലുള്ളത്. സീതത്തോട് മൂഴിയാര്‍, സായിപ്പിന്‍കുഴി കേന്ദ്രീകരിച്ച് 38 കുടുംബങ്ങളും കൊടും വനത്തിനുള്ളില്‍ പ്ലാസ്റ്റിക്ക് ഷീറ്റിന് താഴെ ജീവിതം കഴിച്ചു കൂട്ടുന്നവരാണ്. ഇതിനോടൊപ്പം വനവിഭവങ്ങള്‍ കുറഞ്ഞതോടെ പട്ടിണിയും പോഷകാഹാര കുറവും ഇവരില്‍ ദൃശ്യമാണ്.