മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
മരിക്കുന്നതിന് തൊട്ടു മുന്പെങ്കിലും മോഫിയക്ക് തോന്നി കാണം താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം പോലീസിൽ ചെന്ന് പരാതി കൊടുത്തതായിരുന്നെന്ന് സി എസ് സൂരജ് സോഷ്യൽ മീഡിയിൽ പങ്കുവച്ച് കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
വീണ്ടും വീണ്ടും കേരള പോലീസ്!
സ്ത്രീധനത്തിന്റെ പേരിലോ മറ്റോ, ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ പീഡനത്താൽ ആത്മഹത്യ ചെയ്യുന്ന അല്ലെങ്കിൽ കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ വാർത്തകൾ നമുക്കത്ര പുതുമയുള്ളതല്ല.
സാധാരണയിൽ സാധാരണയായ വാർത്തകളായിട്ടാണ് ഇത്തരം മരണങ്ങളും നമ്മൾ കേൾക്കുന്നതെന്ന കാര്യത്തിലും തർക്കമില്ല.
എന്നാൽ, സ്ത്രീധന പീഡനത്തെ തുടർന്ന് ഇന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സംഭവത്തിൽ ചെറിയൊരു വ്യത്യാസമുണ്ട്.
സാധാരണയായി ഭർത്താവ് മാത്രം വരേണ്ട പ്രതിസ്ഥാനത്ത് മറ്റൊരു പ്രഗല്ഭ ഡിപ്പാർട്മെന്റ് കൂടി അങ്ങ് വന്നു.
മാറ്റാരുമല്ല, സാക്ഷാൽ നമ്മുടെ കേരള പോലീസ്!
മറ്റൊരുത്തന് തന്നെ വില പറഞ്ഞു വിറ്റ സ്വന്തം വീട്ടുകാരുടെയോ, സംരക്ഷിക്കാൻ ബാധ്യസ്ഥരായ നീതിന്യായ വ്യവസ്ഥയുടെയോ സഹായമൊന്നും അഭ്യർത്ഥിക്കാൻ ശ്രമിക്കാതെ സ്വയം ജീവനൊടുക്കുന്ന സ്ത്രീകളാണ് കൂടുതൽ. അത്തരം സഹായങ്ങളൊന്നും അവർക്കൊരുപക്ഷേ ലഭിക്കില്ലെന്ന ഉറപ്പുള്ളതു കൊണ്ടാവാം.
എന്ത് തന്നെയായാലും മോഫിയ ഇതിന് നേർ വിപരീതമായി പോലീസിൽ പരാതിപ്പെടുകയുണ്ടായി. സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് സംരക്ഷിക്കുകയും ചെയ്തു!
മരിക്കുന്നതിന് തൊട്ടു മുൻപെങ്കിലും മോഫിയക്ക് തോന്നി കാണണം, താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം പോലീസിൽ ചെന്ന് പരാതി കൊടുത്തതായിരുന്നെന്ന്!
അത്രത്തോളം സംരക്ഷണമാണ് ഏമാന്മാർ അവൾക്ക് ചെയ്തു നൽകിയത്!
വീട്ടിൽ നേരിടുന്ന അപമാനവും പീഡനവും സഹിക്ക വയ്യാതെ പോലീസിൽ പോയി പരാതി നൽകി. എന്നിട്ടോ? സിഐ ഏമാന്റെ നേതൃത്വത്തിൽ അതിനേക്കാൾ വലിയ അപമാനം തിരിച്ച് ഇങ്ങോട്ട് തന്നെ നേരിടേണ്ടി വന്നു.
പിന്നീട് ലഭിച്ചത് കേരളാ പോലീസിനെ കൂടി പ്രതി ചേർത്ത് എഴുതി വെച്ച മോഫിയയുടെ ആത്മഹത്യാ കുറിപ്പും മോഫിയയുടെ തന്നെ ശവ ശരീരവുമാണ്!
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിക്കുന്നിടത്താണ് നമുക്ക് തെറ്റി പോവുന്നത്. സ്റ്റേഷനിലേക്കെത്തുന്ന എത്ര കേസുകൾ കോടതികളിലേക്കെത്തുന്നുണ്ടെന്ന് ആരെങ്കിലും ആലോചിച്ചുണ്ടോ? ബഹുഭൂരിപക്ഷവും സ്റ്റേഷനിൽ വെച്ച് ഒത്തു തീർപ്പായെന്നാണ് പറയാറ്.
മാനസിക/ശാരീരിക പീഡനം തുടങ്ങിയ ക്രിമിനൽ കേസുകളിൽ എന്താണ് ഈ “ഒത്തു തീർപ്പ്”?! ഇനി അങ്ങനെ ചെയ്യില്ലെന്ന് പ്രതിയെ കൊണ്ട് പറയിപ്പിക്കുകയോ,
അതോ പ്രതിയെ കൊണ്ട് ഇരയ്ക്ക് പണം നൽകി കേസ് പിൻവലിപ്പിക്കുകയോ? ഇതിനൊന്നും ഇര തയ്യാറായില്ലെങ്കിൽ അവരെ അപമാനിക്കുകയും അവരോട് അസഭ്യം പറയുകയും ചെയ്യുകയോ?
ആരാണ് നിങ്ങൾക്കിതിനെല്ലാമുള്ള അധികാരം നൽകിയത്? ആരെങ്കിലുമൊരു പരാതി നൽകിയാൽ, ആ പരാതിയുടെ മേൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കേണ്ട നിങ്ങളെന്തിനാണ് അതിൽ വിധി കൽപ്പിക്കാൻ നിൽക്കുന്നത്? ക്രിമിനൽ കേസുകളിൽ ആർക്ക് വേണ്ടിയാണ് നിങ്ങൾ “ഒത്തുതീർപ്പ്” ചർച്ചകൾ നടത്തുന്നത്?
അല്ലെങ്കിലേ എത്രയോ പേരിവിടെ സ്വയം ജീവിതം മടുത്ത് ദിനംപ്രതി ആത്മഹത്യ ചെയ്യുന്നുണ്ട്. അപ്പോഴാണ് നിങ്ങളുടെ വക ഇത്തരം സ്പോൺസേർഡ് കൊലപാതകങ്ങൾ കൂടി.
ഒരു മനുഷ്യന്റെ അവസാനത്തെ അത്താണിയാണ് അന്നാട്ടിലെ നിയമ വ്യവസ്ഥയെന്നുള്ളത്. ഒരിത്തിരിയെങ്കിലും പ്രതീക്ഷ ബാക്കിയാക്കി ആ നിയമത്തിന്റെ കാലു പിടിക്കാൻ വരുന്നവരെ അവർ തന്നെ തൊഴിച്ച് കൊല്ലുന്നതിനെ കൊലപാതകമെന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക?!
എന്തായാലും കേരള പോലീസ് ഒരു പ്രതിഭാസമാണ്. സ്ത്രീകൾ കൊല ചെയ്യപ്പെടുമ്പോൾ പിങ്ക് പോലീസിന് അധിക സൈക്കിളുകൾ അനുവദിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കുകയും,
സോഷ്യൽ മീഡിയ വഴി ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്ത്, സ്റ്റേഷനിലേക്ക് പരാതിയുമായി കടന്നു വരുന്ന സ്ത്രീകളെ തിരിച്ച് ശവമായി പറഞ്ഞയച്ച് സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുന്ന ഒരു ഒന്നൊന്നര പ്രതിഭാസം!
അഭിമാനിക്കാം.. നമുക്കും, കേരളത്തിലുണ്ടെന്ന് പറയുന്ന ആഭ്യന്തര വകുപ്പിനും!
#shameonkeralapolice