കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ടാക്സി ഡ്രൈവര്ക്കുനേരേ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണം.പരിക്കേറ്റ കോട്ടയം സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി.
റോഡരികില്നിന്നതു ചോദ്യം ചെയ്തെത്തിയ സംഘം ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പഴ്സ് അപഹരിക്കുകയുമായിരുന്നു. കോട്ടയം പൂവന്തുരുത്ത് സ്വദേശി മുണ്ടയ്ക്കല്‍ ജോജോ ജോസഫിന് നേരേയാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച രാത്രി 11നായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ എംസിബിഎസ് സെമിനാരിയിലേക്ക് ഓട്ടംപോയി കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തതിനുശേഷം ബസ് കാത്തുനില്ക്കുകയായിരുന്നു ജോജോ.
ഈ സമയം ഇവിടെ എത്തിയ രണ്ടു യുവാക്കള്‍ ജോജോയെ ചോദ്യം ചെയ്തു. എവിടെ പോകുകയാണ്, എന്തിനു പോകുകയാണു തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയ യുവാക്കള്‍ ജോജോയെ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്തു.
ഭയന്നുപോയ ജോജോ ഓടി 27-ാം മൈലിലെ എഫ്സിസി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കയറി. ഇവിടെ എത്തിയും മര്‍ദനം തുടർന്ന അക്രമികള്‍ ജോജോയുടെ പഴ്സും അപഹരിച്ചു.
മര്‍ദനമേറ്റ് താഴെ വീണ ജോജോയുടെ കാലിലും കൈക്കും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കോട്ടയത്ത് എത്തിയശേഷം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ജോജോ ചികിത്സ തേടുകയായിരുന്നു.