തിരുവനന്തപുരം: തിരുവല്ലം പാപ്പാൻചാണിയിൽ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇനി പിടിയിലാകാനുള്ള പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിൽ കഴിയുന്ന പ്രതിയ്ക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. തിരുവല്ലം സ്വദേശി അജേഷിനെയാണ് പ്രദേശവാസികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ഉൾപ്പെട്ട സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ നേരത്തെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ട പ്രധാന പ്രതിയായ പാച്ചല്ലൂർ സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്നാരോപിച്ചാണ് അജേഷിനെ സജീമോന് എന്നയാളു ടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
സജിമോന്റെ മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടതിനെ തുടർന്ന് മോഷ്ടാവ് അജേഷാണെന്ന് ആരോപിച്ച് സജിമോൻ പ്രദേശവാസികളായ യുവാക്കളുടെയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും സഹായം തേടിയെന്നും ഇയാൾ ഇവർക്ക് പണം വാഗ്ദാനം നൽകിയെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
കേസിലെ പ്രധാന പ്രതികളിലൊരാളും ഒളിവിൽ കഴിയുന്ന പാച്ചല്ലൂർ സ്വദേശിയായ യുവാവാണ് അജേഷിന്റെ വീട് കാട്ടി കൊടുക്കാൻ സജിമോനും സംഘത്തിനും സഹായം നൽകിയതെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തിന് മറ്റ് കാരണങ്ങൾ ഉണ്ടൊയെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.