ബംഗളൂരു: കർണാടകയിലെ ഹവേരി ജില്ലയിൽ ലോഡ്ജ് മുറിയിൽ അതിക്രമിച്ചുകയറി മിശ്രവിവാഹിതരായ ദന്പതികൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം.
ദമ്പതികളിൽ യുവതിയെ അക്രമികൾ കൂട്ടമാനഭംഗത്തിനിരയാക്കിയതായും പരാതിയുണ്ട്. ഹവേരി ജില്ലയിലെ ഹാനാഗലിൽ നൽഹാര ക്രോസിലുള്ള ലോഡ്ജിൽ കഴിഞ്ഞ ഏഴിനായിരുന്നു സംഭവം.
വ്യത്യസ്ത മതത്തിൽപ്പെട്ട ദന്പതികൾ ലോഡ്ജിൽ മുറിയെടുത്തതായി മുൻകൂട്ടി അറിഞ്ഞായിരുന്നു സംഘത്തിന്റെ ആക്രമണം. മുറിക്കുള്ളിലേക്ക് ഇരച്ചുകയറിയ അക്രമികൾ യുവതിയെ അടിച്ചു താഴെയിട്ടു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊതിരേ തല്ലുകയും ചെയ്തു. മുറിക്കുപുറത്തുവച്ചും ദന്പതികളെ സംഘം ആക്രമിച്ചു.
അക്രമികൾതന്നെ സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ദന്പതികൾ നൽകിയ പരാതിപ്രകാരം രണ്ടുപേരെ അറസ്റ്റ് ചെയ്തതായും നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹവേരി ജില്ലാ പോലീസ് സൂപ്രണ്ട് അൻഷു കുമാർ പറഞ്ഞു.
ആദ്യം ഇതൊരു അതിക്രമക്കേസ് മാത്രമായിരുന്നുവെന്നും എന്നാൽ ദന്പതികളുടെ മൊഴിപ്രകാരം തട്ടിക്കൊണ്ടുപോകൽ, സ്ത്രീക്കു മാനഹാനി വരുത്തൽ, സ്ത്രീയെ ആക്രമിക്കൽ, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നുവെന്നും എസ്പി കൂട്ടിച്ചേർത്തു.
വാതിൽ മുട്ടുന്ന ശബ്ദം കേട്ട് പുരുഷൻ വാതിൽ തുറക്കുന്നതും ഇതേസമയം ആറുപേർ മുറിക്കുള്ളിലേക്ക് ഇരച്ചുകയറുന്നതും ശിരോവസ്ത്രം ധരിച്ച സ്ത്രീ മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
തങ്ങൾ പ്രശസ്തരാകാൻ വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നും അക്രമികൾ പറയുന്നതായി വീഡിയോയിലുണ്ട്. ലോഡ്ജിനു പുറത്ത് ചിത്രീകരിച്ച മറ്റൊരു ദൃശ്യത്തിൽ സ്ത്രീ മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും അക്രമികൾ ശിരോവസ്ത്രം മാറ്റി ചിത്രീകരിക്കാൻ ശ്രമിക്കുന്നതും കാണാം.