സ്വന്തം ലേഖകന്‍
കോഴിക്കോട്: സദാചാര ഗുണ്ടായിസവുമായി വീണ്ടും പോലീസ് . കോഴിക്കോട് കടപ്പുറത്ത് രാത്രിയിലെത്തിയ ബാലുശേരി സ്വദേശികളായ സുഹൃത്തുക്കള്ക്കെതിരേയാണു പോലീസ് സേനയ്ക്ക് കളങ്കം സൃഷ്ടിക്കും വിധത്തില്‍ ചില സദാചാരവാദികള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ബീച്ച് പരിസരത്ത് പട്രോളിങിനെത്തിയ പോലീസുകാരാണ് യുവാക്കളോടു മോശമായ രീതിയില്‍ സംസാരിച്ചത്.
വിദേശത്തുനിന്നു നാട്ടില്‍ അവധിക്കെത്തിയ സുഹൃത്തുക്കള്‍ കടപ്പുറത്തെത്തിയതായിരുന്നു. ഇരുവരേയും കണ്ടെതിനെ തുടര്‍ന്നു പോലീസ് റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിനരികിലേക്കു വിളിച്ചു. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യൽ. വിദേശത്തു നിന്നും വന്നതാണെന്ന കാര്യവും ഷോപ്പിങ് കഴിഞ്ഞ് ഏറെ വൈകിയെന്നും അതിനു ശേഷം ബീച്ചിലെത്തിയതാണെന്നും യുവാക്കള്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ ബീച്ചിലിരിക്കുന്നത് പോലീസ് വിലക്കുകയും മോശമായ രീതിയില്‍ യുവാക്കളോടു സംസാരിക്കുകയുമായിരുന്നു.
“ഈ സമയത്ത് ഇവിടെ എത്തുന്നത് എന്തിനാണെന്നറിയാം’ എന്നായിരുന്നു വിരട്ടൽ. രാത്രിയില്‍ കാറിലെത്തിയ മറ്റൊരാളോടും സമാനമായ രീതിയില്‍ പോലീസ് പെരുമാറിയതായി യുവാക്കൾ പറയുന്നു. കടപ്പുറത്തിനടുത്തുള്ള വീട്ടില്‍ താമസിക്കുന്ന ആള് വീട്ടില്‍ കറണ്ടില്ലാത്തതിനാലാണ് ബീച്ചിലെത്തിയത്. എന്നാല്‍ ഇതും പോലീസ് മുഖവിലയ്ക്കെടുത്തില്ല . കടപ്പുറത്ത് ഈ സമയം നില്ക്കാന് അനുവദിക്കില്ലെന്നു പറഞ്ഞാണു മൂവരേയും പോലീസ് തിരിച്ചയച്ചത്.
സദാചാര ഗുണ്ടായിസത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പോലീസുകാരുടെ അധികാര ദുർവിനിയോഗം. സദാചാര സംരക്ഷകര്‍ ചമഞ്ഞ് വ്യക്തികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായിരുന്നു എസ്പിമാര്ക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്.
സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ ശാരീരകമായും മാനസികമായും പീഡിപ്പിക്കുന്നതും, വീഡിയോ, ഫോട്ടോ എന്നിവ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ഗൗരവകരമായ കുറ്റകൃത്യമാണ്. അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും ഒഴിഞ്ഞു നില്ക്കേണ്ടതാണ്. ഇത്തരം സംഭവങ്ങളെക്കുറിച്ച് പരാതി ലഭിച്ചാലോ ശ്രദ്ധയില്‍പ്പെട്ടാലോ അതിനെതിരേ കര്‍ശന നടപടി സ്വീകരിക്കും. സദാചാര ഗുണ്ടായിസം പോലെയുള്ള ദുഷ് പ്രവണതകള്‍ക്കെതിരെ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം’ – എന്നിങ്ങനെയായിരുന്നു ഡിജിപിയുടെ നിര്‍ദേശം .
ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണു പോലീസ് ബീച്ചിലെത്തിയ യുവാക്കളോടു പ്രതികരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കനകക്കുന്ന് കൊട്ടാരവളപ്പില്‍ സദാചാര പോലിസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും പോലിസ് അപമാനിച്ച സംഭവം ഏറെ വിവാദമായിരുന്നു.