ചേർപ്പ്: സദാചാര ഗുണ്ടാസംഘത്തിന്റെ മർദനമേറ്റ് ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കി.
കുറുന്പിലാവ് സ്വദേശികളായ രാഹുൽ, വിജിത്ത്, വിഷ്ണു, ഡീനോ, അഭിലാഷ്, അമീർ, അരുണ്, കാറളം സ്വദേശി ജിഞ്ചു എന്നിവരും കണ്ടാലറിയാവുന്ന രണ്ട് പേരുമാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്.
ഇതിൽ രാഹുൽ വിദേശത്തേക്കു കടന്നതായാണ് സൂചന. പ്രതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയതായും ചേർപ്പ് പോലീസ് അറിയിച്ചു.
തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം പ്രതികളിലൊരാൾ വിദേശത്തേക്കു കടക്കാനിടയായ സാഹചര്യത്തിൽ പോലീസിനു വീഴ്ചയുണ്ടായോ എന്നതിൽ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി ഐശ്വര്യ ദോഗ്ര പറഞ്ഞു.
ആക്രമണം നടന്ന് ഏഴു ദിവസമായിട്ടും ആരെയും കസ്റ്റഡിയിലെടുക്കാതിരുന്നതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു എസ്പി.
ചിറയ്ക്കൽ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹാർ (32) ആണ് മരിച്ചത്. ആറംഗ സദാചാര സംഘം സഹറിനെ വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്നു പിടിച്ചിറക്കി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന മേരി മാത ബസിലെ ഡ്രൈവറായിരുന്നു. ഫെബ്രുവരി 18 ന് രാത്രി ചിറയ്ക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപമാണ് ഇയാൾക്ക് മർദനമേറ്റത്.
പിറ്റേന്ന് പുലർച്ചെ വീട്ടിലെത്തി കിടന്നെങ്കിലു സഹാർ വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
മാതാവ് സുഹറ മകനെ ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണു മരിച്ചത്. അവിവാഹിതനാണ്.
കൊലയാളികൾ സഹാറിനെ അറിയുന്നവർ, ആക്രമണം ആസൂത്രിതം
ചേർപ്പ്: സഹാറിനെയും വനിതാ സുഹൃത്തിനെയും നേരിട്ട് അറിയാവുന്നവരാണ് സദാചാര ഗുണ്ടാക്രമണം നടത്തിയവർ. പ്രതികളെ എല്ലാവരെയും സിസിടിവി ദൃശ്യങ്ങളിൽനിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്നു വ്യക്തമാണ്. സദാചാര വിഷയമായതിനാൽ മർദ്ദനമേറ്റതിനു ശേഷവും സഹാറിന് ഒന്നും പ്രതികരിക്കാനായിരുന്നില്ല. കൃത്യസമയത്ത് ചികിത്സ തേടാതിരുന്നതും സ്ഥിതി ഗുരുതരമാക്കി.
വിഷയത്തിൽ സഹാറിന്റെ വീട്ടുകാരോ ബന്ധുക്കളോ പോലീസിൽ പരാതിയും നൽകിയിരുന്നില്ല. ബസ് ജീവനക്കാരാണ് പരാതിയുമായി മുന്നോട്ടുപോയത്.
സാധാരണ കുടുംബ ജീവിതം നയിക്കുന്ന സഹാറിന്റെ പിതാവ് ഷംസുദ്ദീൻ വൃക്കരോഗിയാണ്. സഹാറിന്റെ ചികിത്സയിക്കായി പത്തു ലക്ഷത്തോളം രൂപ സ്വകാര്യ ആശുപത്രിയിൽ ചെലവു വന്നതായും ബസ് അധികൃതർ പറഞ്ഞു.