കൊല്ലം: കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ. കൊല്ലം ആയൂരിലാണ് സംഭവം. ആയൂർ സ്വദേശികളായ അൻവർ സാദത്തിനേയും ബൈജുവിനേയുമാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു വിദ്യാർഥിനികൾ ഉൾപ്പെടെയുളള സംഘം. ഇതിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന മൂന്നുപേർ ഇവരെ അസഭ്യം പറഞ്ഞ് ചോദ്യം ചെയ്തു. തുടർന്ന് വിദ്യാർഥികളെ സംഘം ആക്രമിക്കുകയായിരുന്നു.
ആൺകുട്ടികളെ വടിയും ആയുധവും ഉപയോഗിച്ച് മർദിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികൾ പിടിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കി റമാൻഡ് ചെയ്തു.