കോട്ടയം: സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മുടി മുറിച്ച് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ഇന്നലെ വൈകുന്നേരം സിഎംഎസ് കോളജ് കാമ്പസിലാണ് വിദ്യാർഥിനികള്‍ മുടി മുറിച്ച് പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസം കോട്ടയം നഗരത്തില്‍ രാത്രിയിലുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി കോട്ടയം സിഎംഎസ് കോളജിലാണ് പഠിക്കുന്നത്.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അഞ്ജന കാതറിന് ബിനു, ഗൗരികൃഷ്ണ, ലക്ഷി ചന്ദ്രബോസ് എന്നിവരാണ് ആക്രമണം നേരിട്ട വിദ്യാര്‍ഥിനിക്ക് ഐക്യദാര്‍ഢ്യവുമായി മുടി മുറിച്ചത്. ഇവരുടെ പ്രതിഷേത്തിന് ശക്തി പകര്‍ന്ന് മറ്റ് വിദ്യാര്‍ഥികളും ഒപ്പം കൂടി.
ഇതില്‍ രാഷ്ട്രീയമില്ല. മനുഷ്യത്വപരമായ പ്രതിഷേധം മാത്രം. ഒരു സ്ത്രീയുടെ മാത്രം സുരക്ഷയുടെ പ്രശ്നവുമല്ല. ഒപ്പമുണ്ടായിരുന്ന ഒരു യുവാവിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട് -മുടി മുറിച്ച് പ്രതിഷേധത്തിന് തുടക്കമിട്ട രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അഞ്ജന കാതറിന് ബിനു പറഞ്ഞു.
കോളജ് അധികാരികളും വിദ്യാർഥിസമരത്തോട് അനുകൂല സമീപനമാണ് സ്വീകരിച്ചത്. കോളജ് കാമ്പസില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധച്ചങ്ങലയും തീര്‍ത്തു.
ആക്രമണ സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11ന് കോട്ടയം തിരുനക്കരയിലാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റ പെൺകുട്ടിയും സുഹൃത്തും ആശുപത്രിയിലാണ്. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത താഴത്തങ്ങാടി സ്വദേശികളായ ഷബീർ, മുഹമ്മദ് അസ്ലം, അനസ് അഷ്കർ എന്നിവർ റിമാന്‍ഡിലാണ്.