സ്വന്തം ലേഖകൻ
തലശേരി: കടൽപാലത്തിൽ കാറ്റു കൊള്ളാനെത്തിയ ദമ്പതികളെ എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചതായി യുവതിയുടെ പരാതി. ഭർത്താവിനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി.
സ്റ്റേഷനിലെത്തിയപ്പോൾ മദ്യപിച്ച് മഫ്തിയിലെത്തിയ മറ്റൊരു ഓഫീസറുടെ നേതൃത്വത്തിൽ ബൂട്ടിട്ട് നടുവിന് ചവിട്ടുകയും നിരവധി തവണ തലയ്ക്കടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
കതിരൂർ എരുവട്ടി പിനാങ്കിമെട്ട വിശ്വംവീട്ടിൽ മേഘ വിശ്വനാഥനാണ് തലശേരി പോലീസിനെതിരേ ഗുരുതരമായ പരാതിയുമായി എത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം മേഘയേയും ഭർത്താവ് ധർമടം പാലയാട് വിശ്വത്തിൽ സി.പി പ്രത്യുഷിനേയും തലശേരി എസ്ഐ മനുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
” നഴ്സായ താനും ഇലക്ട്രീഷ്യനായ ഭർത്താവും ഇരുചക്ര വാഹനത്തിൽ സംഭവ ദിവസം രാത്രി നഗരത്തിലെത്തി ഭക്ഷണം കഴിച്ചശേഷം കാറ്റു കൊള്ളാനായി കടൽപ്പാലത്തിലെത്തിയപ്പോൾ തന്നെയും ഭർത്താവിനേയും പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് മേഘ രാഷ്ട്രദീപികയോട് പറഞ്ഞു.
വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ കയ്യിലില്ലെന്നും സ്റ്റേഷനിൽ ഹാജരാക്കാം എന്ന് പറഞ്ഞെങ്കിലും പോലീസ് ചെവി കൊണ്ടില്ല .
ഭർത്താവിനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയായിരുന്നു. താൻ കരഞ്ഞ് പറഞ്ഞിട്ടും ഭർത്താവിനെ വിട്ടില്ല. മറ്റൊരു ജീപ്പിൽ തന്നേയും വലിച്ച് കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ പോലീസ് മർദ്ദിച്ച വിവരം പറഞ്ഞെങ്കിലും എഴുതി നൽകാനാണ് മജിസ്ട്രേറ്റ് നിർദ്ദേശിച്ചതെന്നും മേഘ പറയുന്നു.
പോലീസിന്റെ അനാവശ്യ ചോദ്യങ്ങളോട് തിരികെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അസഭ്യവർഷം നടത്തി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും ഭർത്താവിനെ സ്റ്റേഷനിൽ കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാത്രി മുഴുവൻ പോലീസ് സ്റ്റേഷന് പുറത്ത് നിർത്തി.പോലീസിനോട് ചോദ്യങ്ങൾ ചോദിച്ചതായിരുന്നു പ്രകോപന കാരണമെന്നും മേഘ പറഞ്ഞു.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായും മേഘ വ്യക്തമാക്കി. പ്രത്യുഷ് ഇപ്പോഴും റിമാൻഡിലാണ്.
കടൽക്ഷോഭം ഉള്ളത് കാരണമാണ് ദമ്പതികളോട് തിരികെ പോകാൻ ആവശ്യപ്പെട്ടതെന്നും എന്നാൽ അവർ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ആരോപണ വിധേയനായ എസ്ഐ മനു രാഷ്ട്രദീപികയോട് പറഞ്ഞു.
അർദ്ധരാത്രിയിൽ കടൽപ്പാലത്തിനു സമീപം പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ദമ്പതികളെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
രാത്രി പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. കടൽപാലത്തിനു സമീപം കടൽ ക്ഷോഭമുള്ള സ്ഥലത്ത് നിൽക്കുകയായിരുന്ന ദമ്പതികളോട് സുരക്ഷിത പ്രദേശത്തേക്ക് മാറാൻ എസ്ഐ മനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ഇതിനെ എതിർത്ത ദമ്പതികൾ എസ്ഐയുടെ കോളറിനു പിടിച്ച് തള്ളുകയും പോലീസുകാരെ കയ്യേറ്റം ചെയ്തുവെന്നുമാണ് ആരോപണം.
ദമ്പതികളെ കോടതിയിൽ ഹാജരാക്കി. പ്രത്യൂഷിനെ കോടതി റിമാൻഡ് ചെയ്യുകയും മേഘക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.