വെഞ്ഞാമുട്: ഗോകുലം മെഡിക്കൽ കോളജിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സായ യുവതിയെയും അവരെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ ഭർത്താവിനേയും മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
വെഞ്ഞാറമൂട് സ്വദേശിയായ മോഹനനാണ് (52) പിടിയിലായത്.ഇയാളുടെ സുഹൃത്തുക്കളും കണ്ടാലറിയാവുന്നവരുമായ മറ്റുരണ്ട് പേർക്കെതിരെയും വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.
ആശുപത്രിയിലെ നഴ്സായ യുവതി അവരുടെ ഭർത്താവായ അർജുൻ എന്നിവർക്കുനേരെയാണ് സദാചാര ഗുണ്ടകളുടെ ആക്രമണം നടന്നത്.
തിങ്കൾ രാത്രി എട്ടോടെ ഗോകുലം മെഡിക്കൽ കോളജിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിനുള്ളിൽ വച്ചാണ് സംഭവം. ആര്യനാട് സ്വദേശികളായ ദമ്പതികൾ കീഴായിക്കോണത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്.
രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയെ ഭർത്താവായ അർജുൻ കൂട്ടിക്കൊണ്ടു പോകാൻ എത്തിയിരുന്നു. ഇരുചക്രവാഹനത്തിൽ ആശുപത്രിയുടെ സമീപത്തുള്ള ഓട്ടോ സ്റ്റാന്റിലൂടെ പോകുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് വാഹനം തടയുകയും സദാചാര ഗുണ്ടകൾ ചമഞ്ഞ് ചോദ്യം ചെയ്യുകയുമായിരുന്നു.
തങ്ങൾ ഭാര്യാ ഭർത്താക്കൻമാരാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ കൂട്ടാക്കാതെ ചോദ്യം ചെയ്യൽ തുടരുകയും ഇത് എതിർത്ത ഭർത്താവിനെയും തടയാൻ ശ്രമിച്ച യുവതിയേയും മർദിക്കുകയുമായിരുന്നു.
ബഹളം കേട്ട് ആളുകൾ കൂടിയതോടെ സദാചാര ഗുണ്ടകൾ സ്ഥലം വിട്ടു. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ മറ്റു പ്രതികൾക്ക് വേണ്ടി വെഞ്ഞാറമൂട് പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.