സദാചാര പോലീസിംഗിന്റെ കാര്യത്തില്‍ പുരുഷന്മാരെക്കാള് മുന്നില്‍ സ്ത്രീകളോ. കൊച്ചിയില്‍ നടന്ന ഈ സംഭവം അടിവരയിടുന്നത് സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്നിലെന്നത് തന്നെ. എറണാകുളം ലോകോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് മധ്യവയസ്കയുടെ ചോദ്യംചെയ്യലില്‍ നാണംകെണ്ടത്. ഒടുവില്‍ പോലീസ് സ്റ്റേഷന് വരെ കയറിയിറങ്ങിയ സംഭവത്തിന്റെ നിജസ്ഥിതി ഇങ്ങനെ.
എറണാകുളം ലോകോളജില്‍ പഠിക്കുകയാണ് നീതു (യഥാര്‍ഥ പേരല്ല). കോളജിനടുത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയതാണ് പെണ്‍കുട്ടി. ടീ ഷര്‍ട്ടും ജീന്‍സും ആയിരുന്നു വേഷം. റെസ്റ്റോറന്റില്‍ തന്റെ അധ്യാപികയുമായി സംസാരിച്ചുകൊണ്ടിരിക്കേ ഒരു മധ്യവയസ്ക കയറിവന്നു. പെണ്‍കുട്ടിയുടെ അരികിലേക്ക് എത്തിയ സ്ത്രീ നീ മലയാളിയാണോയെന്നു ചോദിച്ചു. പെണ്‍കുട്ടി ചോദ്യം അവഗണിച്ചു. എന്നാല്‍ മധ്യവയസ്ക വിടാന്‍ ഭാവമില്ലായിരുന്നു. ‘എല്ലാവരും നോക്കിക്കേ ഈ പെണ്‍കുട്ടിയുടെ വേഷം നമ്മുടെ സംസ്ക്കാരത്തിന് ചേരുന്നതാണോ എന്ന് നോക്കാന്‍ പറഞ്ഞ അവര്‍ ഇവളൊരു മലയാളി അല്ലായിരുന്നെങ്കില്‍ നമ്മുക്ക് വിടാമായിരുന്നു എന്നും പറഞ്ഞു.
മധ്യവയസ്കയുടെ ആക്ഷേപം അതിരുവിട്ടതോടെ നീതു പ്രതികരിക്കാന്‍ തയാറായി. തന്റെ വേഷം ശരീരപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ സാരിയേക്കാള്‍ മെച്ചമാണെന്ന് പെണ്‍കുട്ടി തിരിച്ചടിച്ചു. ഇതിനിടയില്‍ വിദ്യാര്‍ഥിനിയ്ക്കൊപ്പം അനേകര്‍ കൂടുകയും ചെയ്തു. ഇവളെ പിടിച്ച പോലീസില്‍ കൊടുക്കുകയാണ് വേണ്ടതെന്ന് സ്ത്രീ ആക്രോശിച്ചു. എങ്കില്‍ പോലീസു വരട്ടെയെന്നായി പെണ്‍കുട്ടി. പണി പാളുമെന്ന് മനസിലായ മധ്യവയസ്ക ഓട്ടോയില്‍ കയറി മുങ്ങാന്‍ നോക്കിയെങ്കിലും ആളുകള്‍ തടഞ്ഞുവച്ചു. പോലീസ് വന്നതോടെ എല്ലാവരും സ്റ്റേഷനിലെത്തി. സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ക്ക് മുന്നില്‍ ഇവര്‍ ആദ്യം നടത്തിയ ചോദ്യവും സാറെ ഈ പെണ്‍കുട്ടിയുടെ വേഷം കണ്ടിട്ട് എന്തു തോന്നുന്നു എന്നായിരുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരും പെണ്‍കുട്ടിയുടെ മാതാവും ഈ ചോദ്യം തിരിച്ചു ചോദിച്ചു നാണം കെടുത്തി. ഒടുവില്‍ പൊതുമാപ്പ് പറഞ്ഞതിന്റെ പേരില്‍ കേസെടുക്കാതെ സ്ത്രീയെ വിടുകയായിരുന്നു. സംഭവത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ വിവരിച്ചത്.