കേരളത്തില്‍ സദാചാര പോലീസിന്റെ ഇടപെടല്‍ വീണ്ടും. അഴീക്കോട് യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. ഈ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് പിടികൂടിയ മേനോന് ബസാര്‍ പള്ളിപ്പറമ്പില്‍ സലാമി (47) നെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
അഴീക്കോട് മേനോന് ബസാറില്‍ ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ സലാം കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സലാമിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. മണിക്കൂറുകളോളം നീണ്ട വിചാരണ ക്കൊടുവില് പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സലാമിന്റെ പരാതിയിന്മേല് കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു. സംഭവത്തിനു പിന്നില്‍ മുന്‍വൈരാഗ്യമാണെന്നാണ് സൂചന.