റാന്നി വാഴക്കുന്നത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്.
കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.
മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥികള്‍ ആറന്മുള പോലീസില്‍ പരാതി നല്കി.
വിദ്യാര്‍ഥികളായ വിഷ്ണു, സല്മാന്, ആദര്‍ശ് എന്നിവരാണ് പരാതി നല്‍കിയത്. കാറിലെത്തിയ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നു.
തങ്ങളെ മര്‍ദിച്ചതിന് പുറമെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
വഴിയടച്ച് മൂന്ന് ബൈക്കുകള്‍ വച്ചത് കാരണം കാറിന് കടന്നുപോകാന്‍ തടസമുണ്ടായി. ബൈക്കുകള്‍ മാറ്റാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല.
തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഇത് ചോദ്യം ചെയ്തതോടെ സംഘര്‍ഷമുണ്ടായതാണെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്ഥികള്ക്കെതിരേ കാര്‍ യാത്രക്കാര്‍ കോയിപ്രം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.