കൊച്ചി: കേരളാ പോലീസിന്റെ സദാചാര ഗുണ്ടായിസം തുടരുന്നു.സുഹൃത്തിന്റെ വീട്ടില്‍ നിന്നും രാത്രി രണ്ടു മണിക്ക് തനിച്ച് എറണാകുളം റെയില്‍വേസ്റ്റേഷനിലേക്ക് നടന്നു പോവുകയായിരുന്ന സാമൂഹ്യപ്രവര്‍ത്തകയ്ക്കാണ് പോലീസിന്റെ തെറിവിളിയും ജാതീയ അധിക്ഷേപവും നേരിടേണ്ടി വന്നത്. റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന പറഞ്ഞ, കോഴിക്കോട് വടകര സ്വദേശിനിയും ദളിതയും സാമൂഹിക പ്രവര്‍ത്തകയുമായ, ബര്‍സ എന്ന അമൃത ഉമേഷിനാണ് ഈ ദുരവസ്ഥ. താന്‍ വീട്ടിലേക്ക് പോകാനായാണ് റെയില്‍വെ സ്റ്റേഷനിലേക്ക് ഈ സമയത്ത് ഇറങ്ങിയതെന്ന് വിശദീകരിച്ചപ്പോള്‍ പോലീസിന്റെ ഭാഷ്യം ‘രാത്രി രണ്ട് മണിക്കാണോടി പുലയാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?” എന്നായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. നാരദയിലെ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് എന്ന സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്നറിഞ്ഞപ്പോള്‍ എങ്കില്‍ ആ സുഹൃത്തിനെ വിളിച്ചു വരുത്ത് എന്നായി പോലീസ്.
അമൃത വിളിച്ചതിനെത്തുടര്‍ന്ന് പ്രതീഷ് എത്തിയപ്പോള്‍ പോലീസ് ഇരുവരെയും ്ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കുപറ്റിയ പ്രതീഷ് ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ഈ സദാചര ഗുണ്ടായിസം കാട്ടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മാതൃഭൂമി ജംഗ്ഷനു സമീപമായിരുന്നു സംഭവം.
തനിച്ചു പോയ അമൃതയെ വന്‍ പോലീസ് സന്നാഹം വളയുകയും കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിക്കുകയുമായിരുന്നു.പിന്നീട് ഇരുവരേയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും പ്രതീഷിനെ പോലീസുകാര്‍ വീണ്ടും ക്രൂര മര്‍ദ്ദനത്തിന് വിധേയമാക്കുകയും ചെയ്തു.നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയ ത്രേസ്യ സോസയുടെയും പോലീസ് ഉദ്യോഗസ്ഥയായ പ്രീത ആന്റണിയുടെയും നേതൃത്വത്തിലായിരുന്നു അമൃതയെ പോലീസ് മര്‍ദ്ദിച്ചത്. മാവോയിസ്റ്റാണെന്നും ഇവള്‍ക്ക് ധാര്‍ഷ്ട്യം കൂടുതലാണെന്ന് അധിക്ഷേപിക്കുകയും ചെയ്തതായി ഇവരുടെ പരാതിയില്‍ പറയുന്നു. പ്രതീഷ് അമൃതയുടെ ബോയ്ഫ്രണ്ടാണോ, എല്ലാ ദിവസവും പ്രതീഷിന്റെ വീട്ടില്‍ പോയി താമസിക്കാറുണ്ടോ, തുടങ്ങിയ വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്ന അശ്ലീലം നിറഞ്ഞ ചോദ്യങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നു.
”നീ കൂടുതല്‍ ഞങ്ങളോട് കളിക്കണ്ട. വേണ്ടിവന്നാല്‍ ഞങ്ങള്‍ നിന്നെ കൊന്നുകളയും” എന്നാണ് വിനോദെന്ന പോലീസുകാരന്‍ പ്രതീഷിനോട് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പ്രതീഷിനെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. ”ഇവന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നറിയണം” എന്ന് പറഞ്ഞാണ് പോലീസ് പ്രതീഷിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ഇവര്‍ പരാതിപ്പെടുന്നു.അതിശക്തമായ സദാചാര പോലീസിങ്ങിനും ശാരീരിക ആക്രമണത്തിനും ജാതി അധിക്ഷേപത്തിനുമാണ് തങ്ങള്‍ ഇരുവരും വിധേയരായതെന്ന് ചികിത്സയില്‍ കഴിയുന്ന അമൃതയും പ്രതീഷും പറയുന്നു. പുറത്തുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കാന്‍ പോലും കഴിയാത്തവിധം ഇരുവരുടെയും ഫോണ്‍ ഉള്‍പ്പെടെ വസ്തുവകകള്‍ പിടിച്ചുവാങ്ങി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെ അമൃതയുടെ വീട്ടുകാരെത്തിയാണ് ഇവരെ മോചിപ്പിച്ചത്. വടകരയില്‍ നിന്നും രക്ഷിതാക്കള്‍ എത്തുന്നതു വരെ പോലീസ് അധിക്ഷേപം തുടര്‍ന്നെന്ന് അമൃത പറയുന്നു. എന്നാല്‍ തങ്ങള്‍ പെണ്‍കുട്ടിക്കു സുരക്ഷ ഒരുക്കുകയായിരുന്നു എന്ന ഭാവത്തിലായിരുന്നു പോലീസ്. പ്രതീഷിനെ കൈവിലങ്ങണിയിക്കുകയും നഗ്നനാക്കി ജയിലിലടയ്ക്കുകയും ചെയ്തതൊക്കെ തങ്ങളുടെ കര്‍ത്തവ്യമാണെന്ന മനോഭാവത്തിലാണ് ഇപ്പോഴും പോലീസ്. രാത്രി അമൃതയെ കസ്റ്റഡിയിലെടുത്തതും പ്രതീഷിനെ വിളിച്ചു വരുത്തിയതും നോര്‍ത്ത് പോലീസ് സമ്മതിച്ചു. ഒപ്പം രാവിലെ വടകരയില്‍ നിന്ന് അമൃതയുടെ പിതാവിനെ വിളിച്ചു വരുത്തിയതും പോലീസ് തുറന്നുസമ്മതിക്കുന്നു. എന്നാല്‍ സദാചാര ഗുണ്ടായിസമല്ല, സ്ത്രീ സുരക്ഷയാണ് നടപ്പാക്കിയതെന്നും രാത്രി അസമയത്ത് സ്ത്രീകള്‍ റോഡില്‍ കണ്ടാല്‍ പിന്നെ എന്തു ചെയ്യണമെന്നും ഇവര്‍ ചോദിക്കുന്നു.എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതീഷും അമൃതയും പോലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.