പ്രത്യേക ലേഖകൻ
തൃശൂർ: കോവിഡ് പ്രതിസന്ധിക്കിടയിലെ മോറട്ടോറിയം പ്രഖ്യാപനത്തിൽമാത്രം. സ്വർണം പണയപ്പെടുത്തിയുള്ള കാർഷിക വായ്പ തിരിച്ചടയ്ക്കാൻ ബാങ്കുകളിൽ തിരക്കോടു തിരക്ക്.
നിലവിലുള്ള എല്ലാ കാർഷിക സ്വർണപ്പണയ വായ്പകളുടേയും കാലാവധി ജൂണ്‍ 30 ന് അവസാനിക്കുമെന്നു കേന്ദ്ര സർക്കാർ അറിയിപ്പുണ്ടായിരുന്നു. ബാങ്കുവായ്പ തിരിച്ചടയ്ക്കാൻ പലയിടത്തുനിന്നായി സ്വരുക്കൂട്ടിയ പണവുമായി രാത്രിവരെയും കർഷകർ വരിനിന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പല ശാഖകൾക്കു മുന്നിലും സ്വർണം പണയപ്പെടുത്തിയുള്ള കാർഷിക വായ്പ തിരിച്ചടയ്ക്കാനുള്ളവരുടെ നീണ്ട വരി രാത്രി ഏഴുവരെയും തുടർന്നു.
കേന്ദ്ര സർക്കാരിന്റെ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്കു മാത്രമേ ഇനി കുറഞ്ഞ പലിശയ്ക്കു കാർഷികാവശ്യത്തിനുള്ള സ്വർണപ്പണയ വായ്പ നൽകൂ. കിസാൻ ക്രെഡിറ്റ് കാർഡ് സന്പാദിക്കാത്ത കർഷകർ എത്രയും വേഗം അതു തരപ്പെടുത്തിയില്ലെങ്കിൽ കർഷകർക്കുള്ള ഒരു ആനുകൂല്യവും ലഭിക്കില്ല.
മൂന്നുലക്ഷം രൂപവരെ വായ്പയ്ക്ക് ഏഴു ശതമാനമാണു പലിശ. മൂന്നു ലക്ഷത്തിലേറെ രൂപയുടെ വായ്പയ്ക്കു സ്വർണപ്പണയ പലിശ 9.95 ശതമാനമാണ്. ഒരു വർഷത്തേക്കാണ് വായ്പ അനുവദിച്ചിരുന്നത്.
കാർഷികാവശ്യത്തിനുള്ള സ്വർണപ്പണയ വായ്പയ്ക്കു കേന്ദ്ര സർക്കാർ മൂന്നു ശതമാനം പലിശ സബ്സിഡി നൽകിയിരുന്നു. കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്കു മാത്രമാണു പലിശ സബ്സ്ഡി.
വായ്പ അനുവദിക്കാൻ മറ്റു രഹസ്യ ചാർജുകൾ ഈടാക്കില്ലെന്നാണു ബാങ്കുകളുടെ വാഗ്ദാനമെങ്കിലും വീണ്ടും കാർഷികാവശ്യത്തിനു സ്വർണം പണയപ്പെടുത്താൻ നല്ലൊരു തുക പരിശോധനാ ചാർജായി ഈടാക്കുന്നുണ്ട്.
കോവിഡ് ഭീഷണിയിലും ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലും കർഷകർ അടക്കമുള്ളവർ ക്ലേശിക്കുന്പോഴാണു മോറട്ടോറിയം പ്രഖ്യാപനം പാഴ്വാക്കാക്കിക്കൊണ്ടു കർഷകരുടെ വായ്പ തിരിച്ചടപ്പിച്ചത്.