തിരുവനന്തപുരം: കർഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച ഉത്തരവ് വൈകിയതിൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ടോം ജോസിനെ രൂക്ഷമായി വിമർശിച്ചത്. ഉത്തരവ് വൈകിയതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷകരുടെ എല്ലാ വായ്പകളിന്മേലും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താനുള്ള ഉത്തരവാണ് വൈകിയത്. കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭായോഗമാണ് പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽനിന്ന് കർഷകരെടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചത്. മന്ത്രിസഭായോഗ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉത്തരവായി ഇറങ്ങണമെന്നാണ് ചട്ടം. എന്നാൽ ഇക്കാര്യത്തിൽ അതുണ്ടായില്ല.
അതേസമയം നിലവിലെ മൊറട്ടോറിയം നിലനിൽക്കുന്നതിനാൽ ഉത്തരവ് വൈകിയത് ദോഷം ചെയ്യില്ലെന്നാണ് ടോം ജോസിന്റെ വിശദീകരണം. 2018 ഒക്ടോബറില്‍ സര്‍ക്കാര്‍ മോറട്ടോറിയം സംബന്ധിച്ചിറക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ഈ ഉത്തരവ് 2019 ഒക്ടോബര്‍ 11 വരെ നിലവിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.