മാഡ്രിഡ്: ചെൽസി സ്ട്രൈക്കർ അൽവാരോ മൊറാട്ടയെ ഒഴിവാക്കി റഷ്യൻ ലോകകപ്പിനുള്ള 23 അംഗ സ്പാനിഷ് സംഘത്തെ പരിശീലകൻ ജുലൻ ലോപെതെഗുയി ഇന്നലെ പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നുകാരനായ റോഡ്രിക്കും ടീമിൽ ഇടംലഭിച്ചില്ല. റയൽ മാഡ്രിഡിൽനിന്ന് ഈ സീസണിൽ ചെൽസിയിലെത്തിയ ഇരുപത്തഞ്ചുകാരനായ മൊറാട്ട 11 ഗോൾ നേടിയിരുന്നു.
പ്രീമിയൽ ലീഗിൽ കളിക്കുന്ന നാല് കളിക്കാർ ( ഡേവിഡ് ഡി ഗിയ, നാച്ചോ മോണ്‍റിയൽ, സീസർ ആസ്പിലിക്വറ്റ, ഡേവിഡ് സിൽവ) ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ബാഴ്സലോണയിൽനിന്ന് നാലും (ജോർഡി ആൽബ, ജെറാർഡ് പിക്കെ, സെർജ്യോ ബുസ്ക്വെറ്റ്സ്, ആന്ദ്രേ ഇനിയെസ്റ്റ) റയൽ മാഡ്രിഡിൽനിന്ന് ആറും (നാച്ചോ ഫെർണാണ്ടസ്, ഡാനി കർവഹാൽ, സെർജ്യോ റാമോസ്, ഇസ്കോ, മാർകോ അസെൻസിയോ, ലൂകാസ് വസ്ക്വെസ്) താരങ്ങൾ ടീമിൽ ഉൾപ്പെട്ടു.
റയൽ മാഡ്രിഡ് താരങ്ങളാണ് ഏറ്റവും കൂടുതൽ. അത്ലറ്റിക്കോ മാഡ്രിഡിന്റെ കൊക്കെ, സാവൂൾ നിഗ്വെസ്, ഡിയേഗോ കോസ്റ്റ എന്നിവരും സ്പെയിനിന്റെ റഷ്യൻ സംഘത്തിലുണ്ട്.
ഇനിയേസ്റ്റയ്ക്കൊപ്പം മധ്യനിരയുടെ ചുക്കാൻ പിടിക്കുന്ന ഭാവനാസന്പന്നനായ താരമാകും ഇസ്കോ. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഈ ഇരുപത്താറുകാരൻ 27 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 10 ഗോൾ നേടിയിട്ടുണ്ട്.
മുപ്പത്തിരണ്ടുകാരനായ റാമോസാണ് സ്പെയിനിന്റെ ക്യാപ്റ്റനും പ്രതിരോധനിരയിലെ നെടുംതൂണും. ജെറാർഡ് പിക്കെ, ജോർഡി ആൽബ, ഡാനി കർവഹാൽ, നാച്ചോ തുടങ്ങിയവരാണ് റാമോസിനൊപ്പമുള്ള പ്രതിരോധ കരുത്തർ. ഡിയേഗോ കോസ്റ്റ, ലാഗോ ആസ്പസ്, റോഡ്രിഗോ മൊറേനോ, ലൂക്കാസ് വാസ്ക്വെസ്, മാർക്കോ അസെൻസിയോ എന്നിവർക്കാണ് ആക്രമണ ചുമതല.
ലോകത്തിലെ ഒന്നാം നന്പർ ഗോളിയെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യനായ ഇരുപത്തിയേഴുകാരൻ ഡേവിഡ് ഡി ഗിയയാണ് ലാ റോഹ (ചുവപ്പ്) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സ്പെയിനിന്റെ ഗോൾ വല കാക്കുക. നാപോളിയുടെ പെപെ റെയ്ന, ഒരു മത്സരം മാത്രം കളിച്ച അത്ലറ്റിക്കോ ബിൽബാവോയുടെ ഇരുപത്തിമൂന്നുകാരനായ കെപ അരിസാബലാഗ എന്നിവരാണ് ഗിയയ്ക്കൊപ്പം ഗോളിമാരുടെ സംഘത്തിലുള്ളത്.
മൊറാട്ടയ്ക്കുപിന്നാലെ ചെൽസി താരങ്ങളായ സെസ് ഫാബ്രിഗസ്, മാർകോസ് അലോണ്‍സോ, പെഡ്രോ എന്നിവരും ആഴ്സണലിന്റെ ഹെക്ടർ ബെല്ലെറിനും ബാഴ്സലോണയുടെ സെർജി റോബർട്ടോയും ടീമിൽ ഉൾപ്പെടാത്ത പ്രമുഖരുടെ നിരയിലുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്ദ്രെ ഹെരേര, ഹ്വാൻ മാട്ട എന്നിവരെയും ജുലൻ ലോപെതെഗുയി റഷ്യൻ സംഘത്തിൽ ഉൾപ്പെടുത്തിയില്ല.