അഹമ്മദാബാദ്: മോർബി സിവിൽ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെ ഇന്നു പുലർച്ചെ വരെ നീണ്ട ശുചീകരണപ്രവർത്തനങ്ങളെ വിമർശിച്ച് ആം ആദ്മി പാർട്ടി.
മോദിക്ക് ഫോട്ടോ ഷൂട്ട് നടത്താനാണ് രാത്രി വൈകിയും ആശുപത്രിയിൽ ശുചീകരണം നടത്തിയതെന്ന് ആംആദ്മി നേതാക്കൾ പരിഹസിച്ചു.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മോർബി തൂക്കുപാലം ദുരന്തം ബിജെപിക്കു തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വർഷങ്ങളായി ഗുജറാത്തിൽ അധികാരം കൈയാളുന്ന ബിജെപി ആരോഗ്യമേഖലയിലും പരാജയമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.
മോർബി സിവിൽ ആശുപത്രിയുടെ വൃത്തിഹീനമായ സാഹചര്യങ്ങളുടെ ചിത്രങ്ങളും ആംആദ്മി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മോർബി ആശുപത്രിയിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലെന്നും ഗുജറാത്തിൽ നടക്കുന്നത് ബിജെപിയുടെ വെറും പ്രകടനങ്ങൾ മാത്രമാണെന്നും പ്രതിപക്ഷ പാർട്ടികളും കുറ്റപ്പെടുത്തി.