ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ ചെലവിൽ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വത്തിൽ സംസ്കരിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ.
മോർച്ചറിയിൽ ഇടം ഇല്ലാത്തതിനാൽ കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഫ്രീസറിന് വെളിയിൽ സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ.
ഒക്ടോബർ 26ന് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നെത്തി അന്നു തന്നെ മരിച്ച ചെങ്ങന്നൂർ മുളക്കുഴ അശ്വതി ഭവനിൽ ഷാജിത് (52), 30ന് എത്തിച്ച് നവംബർ രണ്ടിനു മരിച്ച കരുനാഗപ്പള്ളി വെളുത്തൽമണൽ സ്വദേശി താഹ (54), 29ന് എത്തി 31ന് മരിച്ച മല്ലപ്പള്ളി വായ്പൂര് പുളിച്ചമാക്കൽ രാജേഷിന്റെ ഭാര്യ ഫൗസിയ (42) എന്നിവരുടെ മൃതദേഹങ്ങളും മേൽവിലാസമില്ലാത്ത മറ്റു മൂന്നു അനാഥ മൃതദേഹങ്ങളുമാണ് ഇപ്പോൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
കോവിഡ് മരണം റിപോർട്ട് ചെയ്യുന്നതോടെ ദിവസവും 15 ഓളം മൃതദേഹങ്ങൾ സൂക്ഷിക്കേണ്ടതായി വരുന്നു. യഥാസമയം അതു നീക്കം ചെയ്യുവാൻ പോലീസ് അധികൃതർ കൂടി ശ്രദ്ധിക്കണം.
ആറ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതിനാൽ സമീപ പ്രദേശങ്ങളിൽനിന്നു പോലീസ് ഇൻക്വസ്റ്റിന് ശേഷം കൊണ്ടുവരുന്ന മൃതദേഹങ്ങൾ പോലും സൂക്ഷിക്കുവാൻ കഴിയാതെ മടക്കി അയക്കുകയാണിപ്പോൾ.
അതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ബന്ധുക്കൾ ഉള്ളതും ഇല്ലാത്തതുമായ മൃതദേഹങ്ങൾ ബന്ധപ്പെട്ടവർ ഏറ്റെടുത്തില്ലെങ്കിൽ സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.