കോൽക്കത്ത: ആദിത്യ ബിർള ഗ്രൂപ്പിന്റെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ മോർ ഇനി ആമസോണിന്റെ ഭാഗം. അമേരിക്കൻ ഓൺലൈൻ വ്യാപാരഭീമനായ ആമസോണും ഇന്ത്യൻ സ്വകാര്യനിക്ഷേപ ഫണ്ട് ആയ സമാരയും ചേർന്നാണു മോർ വാങ്ങിയത്. കുമാർ മംഗളം ബിർള നയിച്ച മോറിനു 4,200 കോടി രൂപയാണു വില.
ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിഗ് ബസാർ, റിലയൻസ് റീട്ടെയിൽ, രാധാകൃഷ്ണ ദമാനിയുടെ ഡി മാർട്ട് എന്നിവ കഴിഞ്ഞാലുള്ള വലിയ റീട്ടെയിൽ ശൃംഖലയാണു മോർ. നിയമതടസങ്ങൾ മൂലമാണ് ആമസോൺ ഭൂരിപക്ഷ ഓഹരി എടുക്കാത്തത്.
ആമസോണിന്റെ വരവ് ഇന്ത്യയിലെ ഓൺലൈനും അല്ലാത്തതുമായ ചില്ലറ വ്യാപാര മേഖലയിൽ വലിയ മാറ്റം വരുത്തും. അമേരിക്കയിൽനിന്നുള്ള റീട്ടെയിൽ ഭീമൻ വാൾമാർട്ട് ഇന്ത്യൻ ഓൺലൈൻ റീട്ടെയിൽ ഫ്ലിപ്കാർട്ടിനെ വാങ്ങിയിട്ടുണ്ട്.
ബിഗ് ബസാർ, ഡി മാർട്ട്, റിലയൻസ് റീട്ടെയിൽ എന്നിവ വിദേശ ഭീമന്മാരായ വാൾമാർട്ടിനോടും ആമസോണിനോടും ഏറ്റുമുട്ടുന്ന കാഴ്ചയാകും ഇനി കാണുക. മൊബൈൽ ടെലിഫോണിലെ പോരാട്ടത്തിനൊടുവിൽ മൂന്നു വലിയ കന്പനികൾ മാത്രം പിടിച്ചു നില്ക്കുന്നതുപോലെ റീട്ടെയിൽ – ഇ കൊമേഴ്സ് മേഖലയിലും വെട്ടിനിരത്തൽ ഉണ്ടായേക്കാം.
കുമാർ മംഗളം ബിർളയ്ക്കു 4000 കോടി രൂപയുടെ കടബാധ്യതയുള്ള മോർ വിറ്റൊഴിഞ്ഞത് ആശ്വാസമാണ്. മോർ ഇനി അതിവേഗം സ്റ്റോറുകളുടെ എണ്ണം കൂട്ടും. ഈ വർഷം 90ഉം അടുത്തവർഷം 150ഉം ആണു ലക്ഷ്യം. സൂപ്പർ മാർക്കറ്റുകൾക്കു പുറമേ കുറേ ഹൈപ്പർമാർക്കറ്റുകളും തുടങ്ങും. 2006ൽ രൂപവത്കരിച്ച സമാര കാപ്പിറ്റൽ വളർന്നുവരുന്ന കന്പനികളിൽ മൂലധനനിക്ഷേപം നടത്തിയാണു ശ്രദ്ധേയമായത്.