പീഡനക്കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക് ടോക്- റീല്‍സിലെ ‘മീശക്കാരനെതിരേ’ നിരവധി പരാതികള്‍.
വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതി(25)നെതിരെയാണ് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചത്.
ഇയാള്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്വേഡും കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്തെത്തിയത്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നല്കിയ പരാതിയില്‍ ആരോപിക്കുന്നത്.
ഇവരുടെ ഇ-മെയില്‍ ഐഡിയുടെയും ഇന്‍സ്റ്റഗ്രാം ഐഡിയുടെയും പാസ് വേഡുകള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു.
ഇയാളുടെ തനിനിറം വ്യക്തമായതോടെ ഇവര്‍ പിന്നീട് വിനീതിന്റെ ഫോണ്‍കോളുകള്‍ എടുത്തിരുന്നില്ല.
ഇതോടെ വിനീത് യുവതിയുടെ ഐഡിയില്‍നിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
വിനീത് മര്‍ദിച്ചെന്ന് പറഞ്ഞ് ചില കോളേജ് വിദ്യാര്‍ഥിനികള്‍ പോലീസിനെ ഫോണില്‍വിളിച്ച് പരാതിപ്പെട്ടിരുന്നു.
ശാരീരികമായി ചൂഷണം ചെയ്തിട്ടില്ലെങ്കിലും ഇയാള്‍ മര്‍ദിച്ചെന്നാണ് വിദ്യാര്‍ഥിനികള്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവരുമായും വിനീത് സൗഹൃദം സ്ഥാപിച്ചത്.
പിന്നീട് മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ പലരും സൗഹൃദത്തില്‍നിന്ന് പിന്മാറി. ഫോണ്‍ എടുക്കാനും തയ്യാറായില്ല.
ഇതിന്റെ പേരില്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരാരും രേഖാമൂലം പരാതി നല്കാന് തയ്യാറായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരേ ഇനിയും കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ അനുമാനം.
ഇയാള്‍ക്കെതിരേ നേരത്തെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ബൈക്ക് മോഷണത്തിനും കിളിമാനൂരില്‍ അടിപിടിയുണ്ടാക്കിയതിനും കേസുകളുണ്ടായിരുന്നു.
ശനിയാഴ്ചയാണ് ടിക്ടോക് താരമായ വിനീതിനെ കന്റോണ്‍മെന്റ് എ.സി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി പുതിയ കാര്‍ വാങ്ങാന്‍ ഒപ്പംവരണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ വിളിച്ചുവരുത്തിയതെന്നും പരാതിയിലുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വിനീതിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് സംഘത്തിന് ഞെട്ടിക്കുന്നവിവരങ്ങളാണ് ലഭിച്ചത്.
നിരവധി പെണ്‍കുട്ടികളുമായും വീട്ടമ്മമാരുമായും ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. ഇവരില്‍ പലരുടെയും സ്വകാര്യദൃശ്യങ്ങളും ചാറ്റുകളും പ്രതി ഫോണില്‍ സൂക്ഷിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുതരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടികളുമായും വീട്ടമ്മമാരുമായും സൗഹൃദം സ്ഥാപിച്ചിരുന്നത്. പിന്നീട് ഇത് മുതലെടുത്ത് ഇവരെ ചൂഷണം ചെയ്യുകയായിരുന്നു.
പരാതി ഉയര്‍ന്നതിന് പിന്നാലെ അഞ്ചുലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന പ്രധാന ഇന്‍സ്റ്റഗ്രാം ഐഡി വിനീത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ മറ്റൊരു ഐഡിയിലും ഇയാളെ പതിനായിരത്തിലേറെ പേരാണ് ഫോളോ ചെയ്തിരുന്നത്.
മീശ പിരിച്ചുള്ള പല വീഡിയോസും ഈ ഐഡിയില്‍ കാണാം. മീശ ഫാന്‍ ഗേള്‍ എന്ന ഐഡിയിലും ഇയാള്‍ വീഡിയോകള്‍ ഇട്ടിരുന്നു.
കാര്യമായ ജോലിയൊന്നും ഇല്ലാത്തയാളാണ് ഇയാളെന്ന് പോലീസ് പറയുന്നു. എന്നാല്‍ പോലീസുകാരനായും ടെലിവിഷന്‍ ചാനലിലെ ജീവനക്കാരനായുമാണ് ഇയാള്‍ പെണ്‍കുട്ടികളെ സ്വയം പരിചയപ്പെടുത്തിയിരുന്നത്.
നേരത്തെ ടിക് ടോക്കിലായിരുന്നു വിനീത് സജീവമായുണ്ടായിരുന്നത്. ടിക് ടോക്കിന് നിരോധനം വന്നതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് ചുവടുമാറ്റി.
ഇന്‍സ്റ്റഗ്രാമില്‍ ഇയാളുടെ ഫോളോവേഴ്സില്‍ കൂടുതല്‍പേരും പെണ്‍കുട്ടികളായിരുന്നു. അതിനിടെ, ഇയാള്‍ക്കൊപ്പം വീഡിയോ ചെയ്തിരുന്ന പല ഇന്സ്റ്റഐഡികളും ഇതിനോടകം അപ്രത്യക്ഷമായിട്ടുണ്ട്.
പീഡനക്കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതോടെ ചൂഷണത്തിന്റെ കൂടുതല്‍വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് സംഘം നല്കുന്ന സൂചന.
നിലവില്‍ തമ്പാനൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാള്‍ക്കെതിരേയുള്ള കേസുകള്‍ അന്വേഷിക്കുന്നത്.