ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരെ വെട്ടിലാക്കി ഡല്‍ഹിയിലെ പ്രമുഖ വിദ്യാലയം. മക്കള്‍ രണ്ടില്‍ കൂടുതലുണ്ടെങ്കില്‍ അവരുടെ സ്കൂള്‍ പ്രവേശനത്തിന് മാതാപിതാക്കള്‍ അപേക്ഷപോലും സമര്‍പ്പിക്കേണ്ടതില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ പുതിയ നിലപാട്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലുള്ള സല്‍വാന്‍ സ്കൂളാണ് ഇത്തരത്തിലുള്ള നിരോധനവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തിന് കീഴിലുള്ള സല്‍വാന്‍ മോണ്ടിസോറിയിലും ജി.ഡി സല്‍വാനിയിലും പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ഫോമുകളില്‍ ഈ നിബന്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
അധ്യാപക ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും ഇതേ മാനദണ്ഡമാണുള്ളത്. രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളെ പിന്തുണയ്ക്കുകയാണ് തങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.